Sorry, you need to enable JavaScript to visit this website.

വിമതരുടെ യോഗത്തിൽ പങ്കെടുക്കണോ എന്ന് ആലോചിക്കേണ്ടത് മുഈൻ അലി തങ്ങളെന്ന് മുനീർ

തിരുവനന്തപുരം- മുസ്ലിം ലീഗിൽനിന്ന് നടപടി നേരിട്ട കെ.എസ് ഹംസയുടെ നേതൃത്വത്തിൽ നടന്ന ലീഗ് വിമതരുടെ യോഗത്തിൽ പങ്കെടുത്ത മുഈൻ അലി തങ്ങളെ വിമർശിച്ച് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ.എം.കെ മുനീർ. പാർട്ടി വിരുദ്ധരുടെ കൂട്ടായ്മയിൽ പങ്കെടുക്കണമോ എന്ന് മുഈൻ അലി തങ്ങൾ ആലോചിക്കണമായിരുന്നു. പിതാവിന്റെ പേരിലുള്ള സംഘടന ആയത് കൊണ്ടാകാം മുഈൻ അലി തങ്ങൾ പങ്കെടുത്തത്. ഇത്തരം സംഘടനാ രൂപീകരണം പാർട്ടി അറിവോടെ അല്ലെന്നും മുനീർ വ്യക്തമാക്കി. ഇന്നലെ കോഴിക്കോട്ടാണ് നേരത്തെ ലീഗിൽനിന്ന് പുറത്താക്കിയ കെ.എസ് ഹംസയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. യോഗത്തിൽ മുഈൻ അലി തങ്ങൾ ട്രസ്റ്റ് ചെയർമാനും കെഎസ് ഹംസ ജനറൽ കൺവീനറുമായ ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരിക്കുകയും ചെയ്തിരുന്നു. മുസ്ലിം ലീഗിലും പോഷകസംഘടനകളിലും പാർട്ടിയുടെ അച്ചടക്കനടപടിക്ക് വിധേയരായവരും പാർട്ടിയിലെ വിവിധ പ്രശ്നങ്ങളെ തുടർന്ന് വിട്ടുനിൽക്കുന്നവരുമാണ് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചത്. എം.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പി.പി ഷൈജൽ, എ.പി അബ്ദുസ്സമദ് തുടങ്ങി 50 ഓളം പേരാണ് കോഴിക്കോട് ചേർന്ന യോഗത്തിൽ പങ്കെടുത്തത്. അതേസമയം, ഇത് വിമതരുടെ യോഗമല്ലെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണ നിലനിർത്തുന്നതിനായി രൂപീകരിക്കുന്ന കൂട്ടായ്മയാണെന്നുമാണ് നേതാക്കളുടെ വിശദീകരണം.
ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളും യുവാക്കൾക്ക് തൊഴിൽ പരിശീലനവും നൽകുമെന്ന് കെ.എസ് ഹംസ പറഞ്ഞു. കെ.എസ് ഹംസയാണ് ഫൗണ്ടേഷൻ കൺവീനർ. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള ഫൗണ്ടേഷന്റെ പ്രഥമ ഹൈദരലി തങ്ങൾ പുരസ്‌കാരം ദയാബായിക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു


 

Latest News