തിരുവനന്തപുരം- ഭാര്യയെ ക്രൂരമായി മര്‍ദിച്ച് മൊബൈലില്‍ പകര്‍ത്തി ആസ്വദിച്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ മലയിന്‍കീഴ് കടുക്കറ ഗിരിജാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപിനെ (35)യാണ് പോലീസ് അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തത്. മദ്യപാന ശീലമുള്ള ദിലീപ് ഭാര്യ ആതിരയെ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി ആസ്വദിക്കുകയും ചെയ്യുന്നത് ശീലമാക്കിയിരുന്നു. അഞ്ച് വര്‍ഷം മുമ്പായിരുന്നു ആതിരയുടെയും ദിലീപിന്റെയും പ്രണയവിവാഹം. ഇലക്ട്രീഷ്യനായ ദിലീപ് വിവിധ ഇടങ്ങളില്‍ ഭാര്യയ്‌ക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നു. ആതിരയെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ പല വീട്ടുടമകളും ഇവരെ ഒഴിപ്പിച്ചു. റിഹാബിലിറ്റേഷന്‍ സെന്ററില്‍ മദ്യപാനം നിറുത്താനുള്ള ചികിത്സ തേടിയിരുന്ന ഇയാള്‍ ചികിത്സയ്ക്ക് ശേഷവും മദ്യപാനം തുടങ്ങിയതായി പൊലീസ് പറഞ്ഞു. കുളക്കോട് വളവിലുള്ള സ്വകാര്യ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ ആതിര ജോലിക്ക് പോകുന്നത് നിറുത്തണമെന്ന് പലവട്ടം ദിലീപ് ആവശ്യപ്പെട്ടെങ്കിലും വീണ്ടും ജോലിക്ക് പോയതാണ് ആക്രമണത്തിന് കാരണം.ആതിരയെ മര്‍ദ്ദിക്കുന്നത് ദിലീപ് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് പോലീസ് കണ്ടെത്തി. മര്‍ദ്ദനത്തിനൊടുവില്‍, ജോലിക്ക് ഇനി പോകില്ലെന്ന് യുവതി പറയുന്ന ദൃശ്യങ്ങളും ഫോണിലുണ്ട്. മര്‍ദ്ദനം പതിവായിരുന്നെങ്കിലും യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇക്കഴിഞ്ഞ പതിനാറാം തീയതി രാത്രി മദ്യപിച്ച് എത്തി അതിക്രൂരമായി മര്‍ദ്ദിച്ചു. യുവതിക്ക് മുഖത്തും തലയ്ക്കും പരിക്കേറ്റു. 17ന് രാവിലെ യുവതി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ദിലീപിനെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇവര്‍ക്ക് മൂന്നും ഒന്നര വയസുമുള്ള രണ്ട് കുട്ടികളുണ്ട്. യുവതി മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. യുവതിയേയും കുട്ടികളേയും പൂജപ്പുര വനിതാ സംരക്ഷണ ഓഫീസിലേക്ക് മാറ്റി.