തിരുവനന്തപുരം- ഏറെ വൈകാതെ വിരമിക്കുന്ന കേരള ജയില്‍ മേധാവി കാനഡയിലും അമേരിക്കയിലും ചെന്ന് ജയില്‍ നടത്തിപ്പിനെ കുറിച്ച് പഠിക്കേണ്ടതില്ലെന്ന് കേന്ദ്രം വരുന്ന 31ന് വിരമിക്കാനിരിക്കെ, അമേരിക്കയിലെയും കാനഡയിലെയും ജയില്‍ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ ജയില്‍ മേധാവി സുധേഷ് കുമാറിന് യാത്രാനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് റദ്ദാക്കി. സര്‍ക്കാര്‍ ചെലവിലായിരുന്നു യാത്ര.
വെല്ലൂരിലെ അക്കാദമി ഒഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് ഒഫ് മാനേജ്‌മെന്റിന്റെ വിദേശ പഠന യാത്രയ്ക്കായി കഴിഞ്ഞ മാസം മൂന്നു മുതല്‍ 14 വരെ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ ജയിലുകള്‍ സന്ദര്‍ശിക്കാനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അക്കാദമിയുടെ ബോര്‍ഡ് ഒഫ് മാനേജ്‌മെന്റ് ചെയര്‍മാനോട്, യാത്ര അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ, പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കി. രണ്ട് വര്‍ഷമെങ്കിലും സര്‍വീസ് ബാക്കിയുള്ളവരെയേ പരിശീലനത്തിനും പഠനങ്ങള്‍ക്കും അയക്കാവൂ എന്നാണ് കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം.തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് 95 ശതമാനം ഡിസ്‌കൗണ്ടില്‍ ഏഴു പവന്‍ നെക്‌ലേസ് കൈക്കലാക്കിയതിന് സുധേഷിനെതിരേ നല്‍കിയ പരാതി സര്‍ക്കാരിന് മുന്നിലുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ജുവലറി ഉടമകള്‍ ഹാജരാക്കിയിട്ടും, സുധേഷിനെതിരേ നടപടിയെടുത്തില്ല.