പത്തനംതിട്ട- തമിഴ്‌നാട്ടിലെ രാജപാളയത്തുനിന്നു മലയാളിയായ പൂജാരി രണ്ടു മക്കളുടെ അമ്മയായ യുവതിയുമായി കടന്നെന്നു പരാതി. ഇലന്തൂര്‍ നരബലിയുടെ വാര്‍ത്ത അയല്‍നാട്ടിലും എത്തിയതോടെ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ആശങ്കയിലാണ്. തമിഴ്‌നാട് പോലീസ് കൈയൊഴിഞ്ഞതായും ഭര്‍ത്താവ് പറയുന്നു.
തെങ്കാശി രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരൈ പാണ്ഡ്യന്റെ ഭാര്യ അര്‍ച്ചനാ ദേവിയെ കൊല്ലം സ്വദേശിയായ പൂജാരി സമ്പത്ത് കടത്തിക്കൊണ്ടു പോയെന്നാണു പരാതി. മൂന്നു മാസം മുമ്പാണ് സംഭവം. വെറും 30 ദിവസത്തെ പരിചയത്തിന്റെ പുറത്താണ് രണ്ടും ആറും വയസുള്ള കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് എം.എ. ബിരുദധാരിയായ അര്‍ച്ചന സമ്പത്തിനൊപ്പം പോയത്. ആദ്യ തവണ ഇവര്‍ നാടുവിട്ടപ്പോള്‍ ദളവാപുരം പോലീസ് കണ്ടെത്തി തിരികെ കൊണ്ടുവന്നു. അതിന്റെ പിറ്റേന്നു തന്നെ 19 പവന്‍ സ്വര്‍ണാഭരങ്ങളുമായി യുവതി വീണ്ടും സമ്പത്തിനൊപ്പം സ്ഥലം വിട്ടു. ഇതോടെ ദളവാപുരം പോലീസ് കൈവിട്ടതായി പാണ്ഡ്യന്‍ പറയുന്നു. കേരളാ പോലീസില്‍ പരാതി നല്‍കാന്‍ അവര്‍ നിര്‍ദേശിച്ചെന്നും പാണ്ഡ്യന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍നിന്ന് തുണി കൊണ്ടു വന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്‍സ്റ്റാള്‍മെന്റ് കച്ചവടം നടത്തുന്ന ജോലിയാണ് പാണ്ഡ്യന്. ഇയാള്‍ റാന്നിയില്‍ വാടകക്ക് താമസിക്കുകയാണ്. ഭാര്യയെ കൊണ്ടുപോയയാള്‍ സമ്പത്ത് എന്ന പേരാണ് പറഞ്ഞത്. ഇത് ശരിക്കുള്ള പേരാണോ എന്നു പോലും അറിയില്ല.
ഇലന്തൂര്‍ നരബലിയെ കുറിച്ചു കേട്ടപ്പോള്‍ ഭാര്യ ജീവിച്ചിരുപ്പുണ്ടോ എന്നു പോലും സംശയിക്കുകയാണ് പാണ്ഡ്യന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചതാണ് അര്‍ച്ചനയെ. തുടര്‍ന്ന് പഠിപ്പിച്ചതും ഇയാളാണ്. തമിഴ്‌നാട് സ്വദേശിനിയായ പദ്മവും നരബലിക്ക് ഇരയായി എന്ന് കേട്ടതാണ് ബന്ധുക്കളുടെ ഭീതി വര്‍ധിപ്പിച്ചിരിക്കുന്നത്.