Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് നേതാവ് അഡ്വ. ശ്രീധരന്റെ ആത്മകഥ പ്രകാശനത്തിന് പിണറായി എത്തുന്നു

രാഷ്ട്രീയ നിലപാട് പിന്നെ പറയുമെന്ന് ശ്രീധരൻ

കാസർകോട്- പ്രഗത്ഭനായ ക്രിമിനൽ അഭിഭാഷകനും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ സി.കെ. ശ്രീധരന്റെ 'ജീവിതം നിയമം നിലപാടുകൾ' എന്ന പേരിൽ ഇറക്കുന്ന ആത്മകഥ പ്രകാശനം ചെയ്യാൻ മാത്രമായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു. മുൻ കെ.പി.സി.സി നേതൃത്വത്തിലിരുന്ന സി.കെ. ശ്രീധരനെ പുനഃസംഘടനയിൽ കെ. സുധാകരൻ തഴഞ്ഞതിന്റെ അമർഷം നിലനിൽക്കുമ്പോഴാണ് അദ്ദേഹത്തെ ആദരിക്കാൻ പിണറായി വിജയൻ നേരിട്ട് എത്തുന്നത്. സമീപകാലത്തെ സി.കെയുടെ നിലപാടുകളിൽ ഇടതുപക്ഷ മനോഭാവം വെളിവാകുകയാണോ..? 'അഭിഭാഷക വൃത്തിയിലെ തന്റെ വ്യക്തിപ്രഭാവം സി.പി.എമ്മും അംഗീകരിക്കുകയാണ്. പഴയ കാലങ്ങളിൽ അവരുടെ പ്രവർത്തകർക്കെതിരായി ചീമേനി കേസിൽ അടക്കം കോടതി മുറിയിൽ വാദിച്ചെങ്കിൽ സമീപകാലത്ത് സി.പി.എം പ്രവർത്തകർക്ക് വേണ്ടി കേസുകൾ വാദിക്കാനും ജയിക്കാനും തയാറായിട്ടുണ്ട്. അത് രാഷ്ട്രീയം നോക്കാതെ എനിക്ക് കിട്ടുന്ന അംഗീകാരമാണ്.' സി.കെ. ശ്രീധരൻ തുറന്നുപറഞ്ഞു. കോൺഗ്രസുകാരൻ ആയിരുന്നിട്ടും എന്നെ വിശ്വസിച്ചാണ് സി.പി.എം കേസ് ഏൽപിക്കുന്നത്. പിണറായിയുടെ നാട്ടിലെ പ്രമാദമായ കേസിൽ സി.പി.എമ്മിന് വേണ്ടി ഹാജരായി. അന്തരിച്ച കോടിയേരി ബാലകൃഷ്ണനുമായി സി.കെ. ശ്രീധരന് നല്ല ബന്ധമുണ്ടായിരുന്നു. 'കോടിയേരിയുടെ പ്രദേശത്തെ നിരവധി കേസുകളിലും തലശ്ശേരി ജില്ല കോടതിയിൽ സി.പി.എമ്മിന് വേണ്ടി ഞാൻ ഹാജരായിട്ടുണ്ട്. തലശ്ശേരി മുനിസിപ്പൽ ചെയർമാൻ പ്രതിയായ കേസും എന്നെ ഏൽപിച്ചു. ഇതെല്ലം അവരും എന്നെ അംഗീക്കുന്നതിന് ദൃഷ്ടാന്തമാണെന്ന് വിശ്വസിക്കുന്നതായി സി.കെ പറയുന്നു.' പ്രകാശനത്തിന് പിണറായി വരുന്നത് പൗരാവലിയുടെ ക്ഷണം സ്വീകരിച്ചാണ്. എന്റെ രാഷ്ട്രീയമായ നിലപാടുകൾ പിന്നെ പറയാം ഇപ്പോൾ ഒന്നും ചോദിക്കരുത്. ആത്മകഥയിലെ കുറിപ്പുകളിൽ രാഷ്ട്രീയമായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. കേസുകളുടെ വസ്തുതാപരമായ വിവരങ്ങൾ മാത്രമാണ് അതിലുള്ളത്.' സി.കെ വെളിപ്പെടുത്തി. എ.കെ.ജിയെ കരുതൽ തടങ്കലിൽ ആക്കിയതിനെതിരെ പൗരാവകാശത്തിന് വേണ്ടിയും കരിനിയമത്തിനെതിരെയും സുപ്രീം കോടതിയിൽ വാദിച്ച ഭരണഘടന വിദഗ്ധൻ ബാരിസ്റ്റർ എം.കെ. നമ്പ്യാർക്കാണ് സി.കെ. ശ്രീധരൻ തന്റെ ആത്മകഥ സമർപ്പിക്കുന്നത് എന്നതും സവിശേഷതയാണ്. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ പിതാവാണ് എം.കെ. നമ്പ്യാർ. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ കുഞ്ഞിരാമ മേനോന് 'ഗുരുപ്രണാമം' എന്ന് രേഖപ്പെടുത്തിയുള്ള പേജ് പുസ്തകത്തിന്റെ ആദ്യതാളുകളിലുണ്ട്. ഇദ്ദേഹം ഇടതുപക്ഷത്തിന് വേണ്ടി കോടതിയിൽ സി.കെ. ശ്രീധരന് എതിരായി ഹാജരായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ അങ്ങയുടെ ശിഷ്യൻ ആകാതിരുന്നതാണ് എന്റെ ഏറ്റവും വലിയ ദൗർബല്യം എന്ന് സി.കെ. രേഖപ്പെടുത്തിയിട്ടുണ്ട്. നാൽപ്പാടി വാസു വധക്കേസിൽ കെ. സുധാകരന് വേണ്ടി ഹാജരായത് സി.കെ. ആയിരുന്നു. കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരൻ കേസിലും ഇദ്ദേഹം ഹാജരായി 12 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ദീർഘകാലത്തെ സുഹൃത്തും കേരള ഹൈക്കോടതി അഡ്വക്കേറ്റ് ജനറലുമായ കെ. ഗോപാലകൃഷ്ണ കുറുപ്പ് ആണ് പുസ്തകം ഏറ്റുവാങ്ങുന്നത്. പ്രകാശന ചടങ്ങിനായി പിണറായിലേക്ക് എത്തിയത് ഇദ്ദേഹവുമായുള്ള ബന്ധമാണെന്ന് പറയുന്നുണ്ട്. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ ആദര പ്രഭാഷണം നടത്തും. സി.കെയുടെ ആത്മകഥ കോടതി, കേസുകൾ, ജീവിതം, പൊതുപ്രവർത്തനം, കടുംബം ഭാഗങ്ങൾ ഉൾപ്പെടുത്തി 248 പേജുകളും 26 അധ്യായങ്ങളുമുള്ളതാണ്.

Latest News