Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി പ്രവര്‍ത്തകയുമായി അവിഹിതം: സി.പി.എം നേതാവിനെ അവധിയെടുപ്പിച്ചു

കോട്ടയം- മന്ത്രി പി. രാജീവ് നോക്കാനേല്‍പ്പിച്ച വീട് ദുരുപയോഗം ചെയ്ത ലോക്കല്‍ സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി നല്‍കി സി.പി.എം. വൈക്കം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എം. സുജിനെതിരെയാണ് നടപടി. സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം നടപടി.

സുജിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷന്‍ പ്രാദേശിക നേതാവിന്റെ ഭര്‍ത്താവ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണക്കമ്മീഷനെ വച്ചത്. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല മന്ത്രി പി. രാജീവ് നോക്കാനേല്‍പ്പിച്ച വീട് സുജിന്‍ ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തി. രാജീവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വൈക്കത്തെ വീട്. അവിടെ കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുജിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. സഹായിയായി യുവതിയെയും കൂട്ടി. പിന്നീട് അത് വഴി വിട്ടബന്ധമായി മാറിയത്രെ. പരാതിയെത്തുടര്‍ന്ന് സുജിനില്‍ നിന്ന് മന്ത്രി താക്കോല്‍ തിരിച്ചുവാങ്ങുകയും ചുമതല മറ്റൊരാളെ ഏല്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചത്.

ഇതിനുപുറമേ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവിനെ സംഘടനാ സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കുകയും ചെയ്തു. പ്രശ്‌നം പുറത്തറിയാതിരിക്കാന്‍ സി.പി.എം. പ്രാദേശിക നേതൃത്വം തന്ത്രപരമായ നീക്കം നടത്തിയെന്നും ആക്ഷേപമുണ്ട്. വൈക്കം സൗത്ത് ലോക്കല്‍ സെക്രട്ടറി ജയരാജ് വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജയരാജിന് അവധി അനുവദിക്കുന്നതിനൊപ്പംതന്നെ സുജിനെ അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍.

സുജിന്‍ അസുഖത്തെ തുടര്‍ന്നും ജയരാജ് വീടുപണിയുടെ ആവശ്യവുമായി ബന്ധപ്പെട്ടും അവധി ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവധി നല്‍കിയത്. അതേസമയം, സുജിനെതിരെ നടക്കുന്നത് വെറും ആരോപണം മാത്രമാണെന്നും ഏരിയാ സെക്രട്ടറി കെ. അരുണന്‍ പറഞ്ഞു.

 

Latest News