ജിദ്ദ- വിസാ തട്ടിപ്പിൽ പെട്ട് ജിദ്ദയിൽ കുടുങ്ങിയവർക്കായി ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഇടപെട്ടതിനെ തുടർന്ന് ശമ്പള കുടിശ്ശിക കൈപ്പറ്റി 15 പേർ നാട്ടിലേക്കു മടങ്ങി. സി.ജിയുടെ ഇടപെടലിനെ തുടർന്നാണ് ശമ്പള കുടിശ്ശികയുടെ ഒരു ഭാഗം തൊഴിലാളികൾക്ക് കിട്ടിയത്. ഇനിയും അമ്പതോളം പേർ അവശേഷിക്കുന്നുണ്ട്.
വിസ ഏജൻസികളുടെ ചതിയിൽപെട്ട സംഘത്തിലെ ഇരുപതോളം മലയാളികൾ സി.ജിക്ക് പരാതി നൽകിയിരുന്നു. അതിനെ തുടർന്നാണ് സി.ജി ഇടപെട്ടതും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക ലഭിക്കുകയും ചെയ്തത്. കേരളത്തിലെ വിവിധ ട്രാവൽ ഏജൻസികൾ വഴി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്മ ഇന്റർനാഷണൽ എന്ന റിക്രൂട്ടിംഗ് ഏജന്റ് മുഖാന്തരമാണ് ഇവർ ജിദ്ദയിലെത്തിയത്.
ജിദ്ദയിലുള്ള കമ്പനിയിലേയ്ക്ക് 1800 റിയാൽ ശമ്പളവും ഓവർടൈമും പ്രകാരം എയർപോർട്ട് ഡ്രൈവർ എന്ന തസ്തികയിൽ ജോലിക്കായി എത്തിയതായിരുന്നു ഇവർ. എന്നാൽ ഇവിടെ എത്തിയതിനു ശേഷം സ്‌പോൺസറിൽ നിന്നോ കമ്പനിയിൽ നിന്നോ നാളിതുവരെ ഏജന്റ് പറഞ്ഞ ജോലിയോ ശമ്പളമോ മാസങ്ങളായി ഇവർക്ക് ലഭിച്ചില്ല.
ഒരു ലക്ഷത്തിലേറെ രൂപയും മെഡിക്കൽ ചെലവുകളും മുടക്കിയാണ് ട്രാവൽ ഏജൻസികൾ ഇവരെ എത്തിച്ചത്. ഇവിടെയെത്തി ആദ്യ മാസത്തിൽ ഭക്ഷണത്തിനുള്ള നാമമാത്രമായ തുകയാണ് കമ്പനി നൽകിയത്. പിന്നീട് ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ ഇവരെ ജിദ്ദയിലെ ന്യൂഏജ് ഇന്ത്യാ ഫോറം പ്രവർത്തകരാണ് അരിയും മറ്റു അവശ്യ സാധനങ്ങളും എത്തിച്ചു നൽകി സഹായിച്ചത്. അവർ മുഖാന്തരം ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകുകയും ചെയ്തു. അതിനെ തുടർന്ന് കോൺസൽ ജനറൽ ഇടപെടുകയും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക ലഭിക്കുകയും ചെയ്തു.
ശമ്പള കുടിശ്ശിക മുഴുവനായി ലഭിക്കാത്തവരും സൗദിയിൽ തന്നെ ജോലി ചെയ്ത് തുടരാൻ ആഗ്രഹിക്കുന്നവരുമായ തൊഴിലാളികൾ ജിദ്ദയിൽ തന്നെ തുടരുകയാണ്. 15 പേർ ഇന്നലെ നാട്ടിലേക്കു മടങ്ങി.