- പശ്ചാത്തല സൗകര്യ വികസനം ശക്തിപ്പെടുത്തും
- എണ്ണ വിപണിയുടെ സ്ഥിരതക്ക് തീവ്രശ്രമം
- പരിസ്ഥിതി വെല്ലുവിളികൾ നേരിടാൻ നടപടി
- പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ വിജയിച്ചു
- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം
- വിശുദ്ധ ഹറമുകൡ വൻ വികസന പ്രവർത്തനങ്ങൾ
- അഴിമതിക്കെതിരെ ശക്തമായ പോരാട്ടം
ജിദ്ദ - ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്കും സന്തുലനത്തിനും പിന്തുണ നൽകാൻ സൗദി അറേബ്യ തീവ്രശ്രമം നടത്തുകയാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു. ഊർജ വിതരണ സുരക്ഷയും വിശ്വാസയോഗ്യമായ ഊർജ സ്രോതസ്സുകളും ലഭ്യമാക്കി നിരന്തര സാമ്പത്തിക വളർച്ച, കാലാവസ്ഥ വ്യതിയാനം അഭിമുഖീകരിക്കൽ എന്നീ ഊർജ മേഖലയിലെ പ്രധാന അടിസ്ഥാനങ്ങളിൽ ഊന്നി സൗദി അറേബ്യ ശക്തമായി പ്രവർത്തിക്കുന്നതായും ശൂറ കൗൺസിലിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് രാജാവ് പറഞ്ഞു.
ലോക സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകമാണ് പെട്രോൾ എന്ന കാര്യം കണക്കിലെടുത്ത് ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്കും സന്തുലനത്തിനും പിന്തുണ നൽകാൻ സൗദി അറേബ്യ പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഒപെക് പ്ലസ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിലും ഒപെക് പ്ലസ് കരാർ തുടരുന്നതിലും സൗദി അറേബ്യ പ്രധാന പങ്ക് വഹിക്കുന്നത്. ഇതോടൊപ്പം രാജ്യത്തുള്ള മുഴുവൻ ഊർജ സ്രോതസ്സുകളും പ്രയോജനപ്പെടുത്താനും സൗദി അറേബ്യ ആഗ്രഹിക്കുന്നു.
പുതിയ മേഖലകൾ വികസിപ്പിക്കുക, പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കുക, ബിസിനസ് അന്തരീക്ഷം സുഗമമാക്കുക, പൗരന്മാരെ ശാക്തീകരിക്കുക, സ്വകാര്യ മേഖലാ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിഷൻ 2030 പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ സമഗ്രവും സുസ്ഥിരവുമായ വികസനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. സുപ്രധാന മേഖലകളിൽ പശ്ചാത്തല സൗകര്യ വികസനം ശക്തമാക്കാനും പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ഒരു കൂട്ടം ദേശീയ തന്ത്രങ്ങളും പ്രോഗ്രാമുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സ്ഥാപിച്ചത് ഗതാഗതം, ജലം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, ടെലികോം, ഡിജിറ്റൽ പശ്ചാത്തല സൗകര്യങ്ങൾ എന്നീ മേഖലകളിൽ വരുന്ന പത്തു വർഷത്തിനുള്ളിൽ 20,000 കോടി റിയാലിന്റെ പദ്ധതികൾ നടപ്പാക്കാൻ സഹായിക്കും. വികസനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന മൂന്നിരട്ടിയായി ഉയർത്താനും മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 57,000 കോടിയിലേറെ റിയാൽ സംഭാവന ചെയ്യാനും തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ദേശീയ വികസന നിധി തന്ത്രം ലക്ഷ്യമിടുന്നു.
അൽഉല വികസന പദ്ധതി, അൽദിർഇയ ഗെയ്റ്റ് പദ്ധതി, അൽഖിദിയ പദ്ധതി, അമാലാ പദ്ധതി, നിയോം സിറ്റി, ചെങ്കടൽ പദ്ധതി, ദി ലൈൻ പദ്ധതി, ഏതാനും നഗരങ്ങളിലെ ഡൗൺടൗൺ പദ്ധതികൾ, സാംസ്‌കാരിക, വിനോദ നഗരികൾ എന്നിവ സൗദി സവിശേഷതയോടെയുള്ള, അതുല്യമായ പദ്ധതികളാണ്. രാജ്യത്ത് ചരിത്രപരവും സാംസ്‌കാരികവും സാമൂഹികവുമായ മുദ്രകൾ പതിപ്പിക്കുന്ന ഈ പദ്ധതികൾ വിനോദ സഞ്ചാര വ്യവസായത്തിന് സഹായിക്കുന്ന ഘടകങ്ങളും സൃഷ്ടിക്കുന്നു. വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ ഈ പദ്ധതികൾ മുന്നോട്ടു വെക്കുന്നു. സൗദി സാംസ്‌കാരിക പൈതൃക ചരിത്രം ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ പദ്ധതികൾ പൗരന്മാരുടെ ജീവിത നിലവാരത്തിലും പ്രതിഫലിക്കും. സൗദിയിലെ വികസന സമീപനം സമഗ്രവും സുസ്ഥിരവുമായ അഭിവൃദ്ധി ലക്ഷ്യമിടുന്നു. അതിന്റെ കേന്ദ്രവും ലക്ഷ്യവും മനുഷ്യനാണ്.
കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പരിസ്ഥിതി വെല്ലുവിളികൾ അഭിമുഖീകരിക്കാൻ അതിവേഗ ചുവടുവെപ്പുകളുമായി രാജ്യം മുന്നോട്ടു പോവുകയാണ്. കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. 2030 ഓടെ പ്രതിവർഷം 27.8 കോടി ടൺ തോതിൽ കാർബൺ ബഹിർഗമനം കുറക്കാനും വൈദ്യുതി ഉൽപാദനത്തിന്റെ 50 ശതമാനം പുനരുപയോഗ ഊർജ സ്രോതസ്സുകളാക്കി മാറ്റാനും സഹായിക്കുന്ന ഏതാനും പദ്ധതികൾ അംഗീകരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ ഉൽപാദന കേന്ദ്രങ്ങളിൽ ഒന്ന് നിയോം സിറ്റിയിൽ സ്ഥാപിക്കുന്നുണ്ട്. ഹരിത സമ്പദ്‌വ്യവസ്ഥ വളർച്ച ലക്ഷ്യമിട്ട് 70,000 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തും. സുസ്ഥിരത മേഖലയിൽ സൗദിയുടെ മുൻനിര പങ്ക് കൂടുതൽ ശക്തമാക്കാനും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യാനും സൗദി ഗ്രീൻ, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയർന്ന തോതിലുള്ള സാമ്പത്തിക വളർച്ച നിരക്കുകൾ സൗദി അറേബ്യ കൈവരിക്കുന്നത് തുടരുകയാണ്. ആഗോളതലത്തിൽ പണപ്പെരുപ്പം ഏറെ ഉയർന്നിട്ടും പണ, ധന, സാമ്പത്തിക നയങ്ങളിലൂടെ സൗദിയിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചു. ലോകത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമാണ് സൗദിയിലേത്. തൊഴിലില്ലായ്മ നിരക്ക് കുറയുന്നതും തുടരുന്നു. ഈ വർഷം രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞു. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ഒത്തുപോകുന്ന നിലയിൽ ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിൽനിന്ന് 4.7 ശതമാനമായും വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 20.2 ശതമാനത്തിൽ നിന്ന് 19.3 ശതമാനമായും കുറഞ്ഞു.
ധനസുസ്ഥിരത പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കിയ പരിഷ്‌കരണങ്ങളുടെ ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ 54,000 കോടിയിലേറെ റിയാൽ സർക്കാർ വകുപ്പുകൾക്ക് ലാഭിക്കാൻ സാധിച്ചു. ഈ തുക മുൻഗണന മേഖലകളിൽ വിനിയോഗിക്കാൻ പ്രയോജനപ്പെടുത്തി.
അന്താരാഷ്ട്ര സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കി, പ്രകൃതി ദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും ബാധിക്കുന്ന രാജ്യങ്ങളെയും ദരിദ്ര രാജ്യങ്ങളെയും സഹായിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. അറബ്, ഇസ്‌ലാമിക ലോകത്ത് ഏറ്റവുമധികം ജീവകാരുണ്യ, വികസന സഹായങ്ങൾ നൽകുന്ന രാജ്യവും ആഗോളതലത്തിൽ ഏറ്റവുമധികം സഹായം നൽകുന്ന മൂന്നാമത്തെ രാജ്യവുമാണ് സൗദി അറേബ്യ. ലോകത്ത് പട്ടിണി നിർമാർജനം ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷ, കാർഷിക മേഖലയിൽ സൗദി അറേബ്യ 289 കോടി ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ മേഖല രാജ്യങ്ങളുമായി ഏകോപനം നടത്തി ആയിരം കോടി ഡോളർ നീക്കിവെച്ചിട്ടുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു.
സ്ഥാപന കാലം മുതൽ ലോക മുസ്‌ലിംകളെയും ഇസ്‌ലാമിനെയും സേവിക്കുന്ന കാര്യത്തിലുള്ള കടമകൾ നിറവേറ്റാനും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പുണ്യസ്ഥലങ്ങളിലും പദ്ധതികൾ നടപ്പാക്കാനും സൗദി അറേബ്യ അതീവ താൽപര്യം കാണിച്ചിട്ടുണ്ട്. കൊറോണ മഹാമാരി നേരിടുന്നതിൽ കൈവരിച്ച വൻ വിജയത്തിന്റെ ഫലമായി കഴിഞ്ഞ സീസണിൽ പത്തു ലക്ഷം പേർക്ക് ഹജ് നിർവഹിക്കാൻ അവസരമൊരുക്കി. എല്ലാ ഇനങ്ങളിലും പെട്ട വിസകളിൽ രാജ്യത്തെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും അവസരമൊരുക്കി. ഇക്കാര്യങ്ങളിൽ സർവശേഷിയും രാജ്യം പ്രയോജനപ്പെടുത്തി.
2030 ഓടെ പ്രതിവർഷം മൂന്നു കോടി വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള പദ്ധതിക്കനുസൃതമായി മദീനയിൽ മസ്ജിദുന്നബവിക്കു കിഴക്കു ഭാഗത്ത് റുഅ മദീന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഹറമിലെ മൂന്നാമത് സൗദി വികസന പദ്ധതി പൂർത്തിയാക്കാനും ശ്രമങ്ങൾ തുടരുന്നു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് മറ്റു നിരവധി പദ്ധതികളും നടപ്പാക്കുന്നുണ്ട്.
വികസനത്തിന്റെയും അഭിവൃദ്ധിയുടെയും ഒന്നാമത്തെ ശത്രുവാണ് അഴിമതി. ഇക്കാര്യം ഉൾക്കൊണ്ടാണ് പ്രാദേശിക, ആഗോള തലങ്ങളിൽ അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ സൗദി അറേബ്യ മുന്നോട്ടു പോകുന്നതും മറ്റു രാജ്യങ്ങളുമായി സഹകരിക്കുന്നതും. ശക്തമായ അന്താരാഷ്ട്ര സഹകരണമില്ലാതെ അഴിമതി വിരുദ്ധ പോരാട്ടം സാധ്യമാകില്ല. പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും അഴിമതിക്കാർക്ക് സുരക്ഷിത സങ്കേതങ്ങൾ ലഭിക്കുന്നതിന് തടയിടാനും അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള യു.എൻ, അറബ് കരാറുകളുടെ ഭാഗമായാണ് ഇക്കാര്യത്തിൽ സൗദി അറേബ്യ പ്രവർത്തിക്കുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു.
ആണവ പദ്ധതി പ്രതിബദ്ധത ഇറാൻ പാലിക്കണം
ജിദ്ദ- ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിബദ്ധതകൾ ഇറാൻ പൂർണമായും പാലിക്കണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആവശ്യപ്പെട്ടു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിബദ്ധതകൾ ഇറാൻ പാലിക്കുകയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി പൂർണ തോതിൽ സഹരിക്കുകയും അയൽ രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും പരസ്പര വിശ്വാസം സൃഷ്ടിക്കാൻ നടപടികൾ സ്വീകരിക്കുകയും വേണം. റഷ്യ, ഉക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുന്ന രാഷ്ട്രീയ പരിഹാരത്തിന് ലക്ഷ്യമിട്ടുള്ള മുഴുവൻ അന്താരാഷ്ട്ര ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്നും രാജാവ് പറഞ്ഞു.