റിയാദ്- ഈ വർഷത്തെ ആദ്യ മൂന്നുമാസത്തിൽ വിദേശ തൊഴിലാളികൾ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ നേരിയ കുറവ്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദേശികളുടെ റെമിറ്റൻസ് 3,598 കോടി റിയാലായിരുന്നു. 2017 ആദ്യ ത്രൈമാസത്തിൽ ഇത് 3,614 കോടി റിയാലായിരുന്നു. റെമിറ്റൻസിൽ 0.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം വിദേശികൾ 1,279 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചു. 2017 മാർച്ചിൽ ഇത് 1,275 കോടി റിയാലായിരുന്നു. 2018 ഫെബ്രുവരിയിലും വിദേശികളുടെ റെമിറ്റൻസ് 1,279 കോടി റിയാലായിരുന്നു. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ വിദേശികളുടെ റെമിറ്റൻസിൽ പത്തു ലക്ഷം റിയാലിന്റെ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്.
ഈ വർഷം ആദ്യ പാദത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 38 ശതമാനം വർധനവ് രേഖപ്പെടുത്തി. ആദ്യ പാദത്തിൽ 1,870 കോടി റിയാലാണ് സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2017 ആദ്യ പാദത്തിൽ ഇത് 1,254 കോടി റിയാലായിരുന്നു. ഏകദേശം 616 കോടി റിയാലിന്റെ വർധനവ് ആണ് സൗദികളുടെ റെമിറ്റൻസിൽ രേഖപ്പെടുത്തിയത്. മാർച്ചിൽ സൗദികൾ 626 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചു. 2017 മാർച്ചിൽ ഇത് 445 കോടിയായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം സൗദികളുടെ റെമിറ്റൻസിൽ 41 ശതമാനം വർധനവ് രേഖപ്പെടുത്തി. 2018 ഫെബ്രുവരിയിൽ സൗദികളുടെ റെമിറ്റൻസ് 625 കോടി റിയാലായിരുന്നു.