കോഴിക്കോട്- ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പുസ്തകം കൈമാറിയതിൽ തെറ്റില്ലെന്നും വിവാദത്തിൽ കഴമ്പില്ലെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ. കേരളത്തിൽ നേരത്തെയും ഇത്തരത്തിലുള്ള സംഗതികൾ നടന്നിട്ടുണ്ടെന്നും ഇനിയും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച കേരള മുസ്‌ലിം നവോഥാനചരിത്രം എന്ന പുസ്തകമാണ് സുരേന്ദ്രന് കൈമാറിയത്. ബൃഹത്തായ ഗ്രന്ഥമാണിത്. മുസ്്‌ലിം നവോത്ഥാനം കേരളത്തിലും ഇന്ത്യയിലും എത്തിയതിനെ പറ്റിയും ലോകത്തിലെ വലിയ നവോത്ഥാന പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള പുസ്തകമാണിത്. പുസ്തകം പ്രകാശം ചെയ്തത് അന്നത്തെ സ്പീക്കർ എം.ബി രാജേഷാണ്. അതിന് ശേഷം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി തുടങ്ങി വിവിധ നേതാക്കൾക്കും പുസ്തകം കൈമാറി. ഇനിയും നിരവധി പേർക്ക് കൊടുക്കാനുണ്ട്. പുസ്തകം വായിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം പുസ്തകം കൊടുത്തു.
ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന് മുജാഹിദ് നേതാക്കൾ പുസ്തകം കൈമാറിയതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സഹചര്യത്തിലാണ് ഹുസൈൻ മടവൂർ വിശദീകരണം നൽകിയത്.