Sorry, you need to enable JavaScript to visit this website.

തൊഴിലില്ലായ്മാ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് ആശങ്കാജനകമെന്ന് സാമ്പത്തിക വിദഗ്ധർ

റിയാദ് - സൗദിവൽക്കരണ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് ആശങ്കാജനകമാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം അവസാന പാദത്തിലെ കണക്കുകൾ പ്രകാരം സൗദികൾക്കിടയിലെ തൊഴില്ലായ്മ നിരക്ക് 12.8 ശതമാനമാണ്. 2017 മൂന്നാം പാദത്തിലും രണ്ടാം പാദത്തിലും തൊഴിലില്ലായ്മ നിരക്ക് ഇതു തന്നെയായിരുന്നു. ഒന്നാം പാദത്തിൽ 12.7 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2016 ആദ്യ പാദത്തിൽ 11.5 ശതമാനവും രണ്ടാം പാദത്തിൽ 11.6 ശതമാനവും മൂന്നാം പാദത്തിൽ 12.1 ശതമാനവും നാലാം പാദത്തിൽ 12.3 ശതമാനവുമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഏതാനും മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയും മറ്റു മേഖലകളിൽ മിനിമം സൗദിവൽക്കരണ അനുപാതം ഉയർത്തിയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങളിലൂടെ കഴിഞ്ഞ വർഷം തൊഴിലില്ലായ്മ നിരക്ക് അൽപം പോലും കുറയ്ക്കുന്നതിന് സാധിച്ചിട്ടില്ല എന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 
തൊഴിലന്വേഷകരായ 10,90,000 സൗദികൾ രാജ്യത്തുണ്ട്. തൊഴിലില്ലായ്മ നിരക്ക് സൗദി പുരുഷന്മാർക്കിടയിൽ ഏഴര ശതമാനവും വനിതകൾക്കിടയിൽ 31 ശതമാനവുമാണ്. സൗദിവൽക്കരണ ശ്രമങ്ങൾ ശക്തമായി തുടർന്നും തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് കൂടുതൽ പ്രയത്‌നിക്കുന്നതിന് സൗദി യുവാക്കളെ പ്രേരിപ്പിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തിയും മാത്രമേ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിന് സാധിക്കുകയുള്ളൂവെന്ന് സാമ്പത്തിക വിദഗ്ധരും മാനവശേഷി വിദഗ്ധരും പറഞ്ഞു. 
തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത് തടയുന്നതിന് സാമ്പത്തിക, ആസൂത്രണ മന്ത്രാലയവും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും കൂടുതൽ മുൻകരുതൽ നയങ്ങൾ നടപ്പാക്കണമെന്ന് സാമ്പത്തിക വിദഗ്ധൻ അഹ്മദ് അൽശഹ്‌രി ആവശ്യപ്പെട്ടു. നിലവിലെ സൗദിവൽക്കരണ നയങ്ങൾ ലക്ഷ്യങ്ങൾ നേടിയിട്ടില്ല എന്നാണ് താൻ കരുതുന്നത്. പ്രാദേശിക തൊഴിൽ വിപണിയിൽ മൂന്നു സൗദികൾക്ക് എട്ടു വിദേശികൾ വീതം ഇപ്പോഴുമുണ്ട്. ഗാർഹിക തൊഴിലാളികളെ ഉൾപ്പെടുത്താതെയാണിത്. ഇത് വലിയ സംഖ്യയാണ്. വ്യത്യസ്ത സാമ്പത്തിക മേഖലകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും അതോറിറ്റികളോടും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന മേഖലകളിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നതിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി ആവശ്യപ്പെടുന്നത് നന്നായിരിക്കും. സൗദിവൽക്കരണ ശ്രമങ്ങളുടെ ചുമതല ഈ വകുപ്പുകളെ ഏൽപിക്കണം. ഇതോടെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട നയങ്ങളും പൊതുനിയമങ്ങളും നടപ്പാക്കുന്ന ചുമതല മാത്രമായിരിക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്. 
ബാങ്കിംഗ് മേഖലയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് നടത്തിയ ശ്രമങ്ങൾ മറ്റു വകുപ്പുകൾക്കും മാതൃകയാക്കാവുന്നതാണ്. ഇതിലൂടെ നിലവിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സൗദിവൽക്കരണത്തിന് അവലംബിക്കുന്ന രീതി ഒഴിവാക്കുന്നതിനും സ്വദേശിവൽക്കരണം വേഗത്തിലാക്കുന്നതിനും സാധിക്കും. മാന്ദ്യം മറികടന്ന്, സാമ്പത്തിക വളർച്ച വേഗത്തിലാകുന്നതിന്റെ ഫലമായി അടുത്ത വർഷം ആദ്യത്തോടെ തൊഴിലില്ലായ്മ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹ്മദ് അൽശഹ്‌രി പറഞ്ഞു.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ശക്തമായ ശ്രമങ്ങൾ നടത്തിയിട്ടും തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ ഉയർന്നുനിൽക്കുന്നത് ആശങ്കാജനകമാണെന്ന് കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി മാനവശേഷി വിഭാഗം മേധാവി ഡോ. ഖാലിദ് മൈമനി പറഞ്ഞു.
സൗദി തൊഴിലന്വേഷകരിൽ 16.1 ശതമാനം (1,75,000) പേർ പുരുഷന്മാരും 83.9 ശതമാനം (9,11,000) പേർ വനിതകളുമാണ്. തൊഴിലന്വേഷകരിൽ 34.8 ശതമാവും 25 മുതൽ 29 വരെ വയസ് വിഭാഗത്തിൽ പെട്ടവരാണ്. സൗദി തൊഴിലന്വേഷകരിൽ 53.3 ശതമാനവും യൂനിവേഴ്‌സിറ്റി ബിരുദധാരികളാണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
 

Latest News