ന്യൂദൽഹി - രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിവാദമായ എസ്.എൻ.സി ലാവലിൻ, സ്വർണ്ണക്കടത്ത് കേസുകൾ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ലാവലിൻ ഹർജികൾ പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവെച്ച ശേഷമാണ് ലാവലിൻ ഹർജികൾ കോടതി പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നല്കിയതുൾപ്പെടെയുള്ള ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കേസിന്റെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ കസ്തൂരി രംഗ അയ്യർ, ആർ ശിവദാസൻ, കെ.ജി രാജശേഖരൻ നായർ എന്നിവർ നല്കിയ ഹരജികളും കോടതി അന്ന് പരിഗണിക്കും.
സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ ഹരജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. വ്യാഴാഴ്ച മുപ്പതാമത്തെ ഹരജിയായാണ് ഇത് ലിസ്റ്റ് ചെയ്തിട്ടുള്ളത്.