Sorry, you need to enable JavaScript to visit this website.

ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയ കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങി

ജിദ്ദ- യാത്രാ നടപടിക്രമങ്ങളിലെ പാളിച്ചമൂലം ജിദ്ദ സൗദിയ വിമാനത്താവളത്തിൽ കുടുങ്ങിയ കുടുംബങ്ങൾ നാട്ടിലേക്കു മടങ്ങി. 12 പേരടങ്ങുന്ന രണ്ട് കുടുംബങ്ങളാണ് നാലു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം മടങ്ങിയത്. കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശി അബ്ദുറഹ്മാനും ഭാര്യ സജ്‌നയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബം ഇന്നലെ രാവിലെയുള്ള വിമാനത്തിലും ചെമ്മാട് മൂന്നിയൂർ സ്വദേശി അബ്ദുൽ ഗഫൂർ മണക്കടവന്റെ ഭാര്യ ജസീറാ ബാനുവും നാലു കുട്ടികളുമടങ്ങുന്ന കുടുംബം രാത്രിയിലെ വിമാനത്തിലുമാണ് കൊച്ചിയിലേക്കു പോയത്. 
ആഭ്യന്തര യാത്രക്കാരായി പോകേണ്ടിയിരുന്ന ഇവർ രാജ്യാന്തര യാത്രക്കാർക്കുള്ള കൗണ്ടറിലൂടെ യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഇക്കഴിഞ്ഞ 28ന് രാത്രി 11.10 ന് സൗദി എയർലൈൻസിന്റെ ജിദ്ദ-റിയാദ് ആഭ്യന്തര വിമാനത്തിലും തുടർന്ന് റിയാദിൽനിന്ന് 3.45ന് അന്താരാഷ്ട്ര വിമാനത്തിൽ കൊച്ചിയിലേക്കുമാണ് ഇവർക്ക് പോകേണ്ടിയിരുന്നത്. ഇതിനായി സൗദിയ ആഭ്യന്തര സർവീസ് കൗണ്ടറിനെ സമീപിക്കുന്നതിന് പകരം രാജ്യാന്തര യാത്രക്കാർക്കുള്ള കൗണ്ടറിലൂടെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ലോഞ്ചിലെത്തിയപ്പോഴാണ് അബദ്ധം മനസിലായത്. അപ്പോഴേക്കും ഇവർക്കു പോകേണ്ട വിമാനം പോയിരുന്നു. വിമാനത്താവള അധികൃതരും എയർലൈൻസുകാരും സീറ്റ് തരപ്പെടുത്തി എത്രയും വേഗം നാട്ടിലയക്കാൻ ശ്രമിച്ചുവെങ്കിലും കൊച്ചിയിലേക്കുള്ള വിമാനത്തിൽ സീറ്റ് ലഭ്യമല്ലാതെ വന്നതോടെ യാത്ര വൈകുകയായിരുന്നു. ഫൈനൽ എക്‌സിറ്റിൽ എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ  ഇവർക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാനും കഴിഞ്ഞില്ല.  നാലു ദിവസം വിമാനത്താവളത്തിൽ തങ്ങേണ്ടി വന്നുവെങ്കിലും എയർലൈൻസ്, വിമാനത്താവള അധികൃതരിൽനിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്ന് നാട്ടിലേക്കു മടങ്ങിയ കുടുംബങ്ങൾ പറഞ്ഞു. എമിഗ്രേഷൻ കഴിഞ്ഞിടത്തേക്ക് മറ്റുള്ളവർക്ക് പ്രവേശനം ഇല്ലെങ്കിലും അകത്ത് അകപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നതിന് ആവശ്യമായ ക്രമീകരണം വിമാനത്താവള അധികൃതർ ഏർപ്പെടുത്തിയിരുന്നു.  ഇരുപത് വർഷത്തിലേറെയായി ജിദ്ദയിലുള്ള അബ്ദുറഹ്മാനും കുടുംബവും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗഫൂറിന്റെ കുടുംബം കുട്ടികളുടെ പഠനാർഥമാണ് നാട്ടിലേക്കു തിരിച്ചത്. 
ചില കണക്ഷൻ സർവീസുകൾക്ക് ആഭ്യന്തര സർവീസിൽ റിയാദിലെത്തി അവിടെനിന്നുവേണം ഇന്റർനാഷണൽ സർവീസിൽ കൊച്ചിയിലേക്ക് പോകാൻ. ഇങ്ങനെയുള്ള യാത്രക്കാർ ആഭ്യന്തര വിമാനങ്ങൾക്കുള്ള യാത്രാ കൗണ്ടറിലൂടെയാണ് പോകേണ്ടത്. ഇത് പാലിക്കാതിരുന്നതാണ് പ്രശ്‌നമായത്. 
 

Latest News