Sorry, you need to enable JavaScript to visit this website.

പ്രതിസന്ധിയിലായ സ്‌കൂളുകൾ വാങ്ങാനൊരുങ്ങി വിദേശ നിക്ഷേപകർ 

ജിദ്ദ - ആശ്രിത ലെവി അടക്കം അടുത്ത കാലത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ കൈക്കൊണ്ട മറ്റു തീരുമാനങ്ങളുംമൂലം പ്രതിസന്ധിയിലായ സ്വകാര്യ സ്‌കൂളുകൾ വാങ്ങുന്നതിന് ഗൾഫ് നിക്ഷേപകർ രംഗത്തെത്തി. പ്രാദേശിക വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപകർ പ്രവേശിക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസ സാഹചര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക സ്‌കൂൾ ഉടമകൾ പ്രകടിപ്പിച്ചു. 
സ്വകാര്യ സ്‌കൂളുകൾ കടുത്ത സമ്മർദമാണ് നേരിടുന്നത്. ഈ പശ്ചാത്തലത്തിൽ ചില സ്വകാര്യ സ്‌കൂളുകളും ഇന്റർനാഷണൽ സ്‌കൂളുകളും വാങ്ങുന്നതിന് വിദേശ നിക്ഷേപകരും വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്തവരും മുന്നോട്ടുവരുന്നതിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകർക്ക് ഭീതിയുണ്ടെന്ന് ജിദ്ദയിലെ സ്വകാര്യ സ്‌കൂൾ കമ്മിറ്റി അംഗം അബീർ ഗസ്സാവി പറഞ്ഞു. പുതിയ സാഹചര്യത്തിൽ ചില സ്‌കൂളുകൾക്ക് ഭീമമായ നഷ്ടം നേരിടുന്നുണ്ട്. 150 ലേറെ സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. 
സർക്കാർ വകുപ്പുകളുടെ സമ്മർദംമൂലം സൗദി നിക്ഷേപകർ വിദ്യാഭ്യാസ മേഖലയിൽനിന്ന് പിൻവാങ്ങുന്നതിന് സാധ്യതയുണ്ട്. ഓരോരോ കാരണങ്ങൾ പറഞ്ഞ് സ്‌കൂളുകൾ അടച്ചുപൂട്ടുമെന്നും പിഴ ചുമത്തുമെന്നും സർക്കാർ വകുപ്പുകൾ ഇടക്കിടക്ക് ഭീഷണി മുഴക്കുകയാണ്. സ്വകാര്യ സ്‌കൂളുകൾ നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രതിബന്ധങ്ങൾക്കും പരിഹാരം കാണുന്നതിന് സത്വരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സ്വകാര്യ സ്‌കൂൾ ഉടമകൾ നിവേദനം നൽകിയിട്ടുണ്ട്. അനുയോജ്യമായ കെട്ടിടങ്ങളുണ്ടാവുകയും സുരക്ഷാ വ്യവസ്ഥകൾ പാലിക്കുകയും ചെയ്തിട്ടും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ നിർമിച്ച കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്ക് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്നത് സിവിൽ ഡിഫൻസ് നിർത്തിവെച്ചിരിക്കുകയാണ്. ഭൂരിഭാഗം സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങളും പാർപ്പിട ആവശ്യങ്ങൾക്കു വേണ്ടി നിർമിച്ചവയാണ്. ഇത്തരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ ലൈസൻസുകൾ പുതുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയവും നിർത്തിവെച്ചിട്ടുണ്ട്.  സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ പൂർണ വേതനത്തിന് അനുസൃതമായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) വിഹിതം സ്‌കൂൾ ഉടമകൾ അടയ്ക്കണമെന്ന് ഗോസിയും ആവശ്യപ്പെടുന്നുണ്ട്. സൗദി അധ്യാപകരുടെ വേതനത്തിന്റെ പകുതി മാനവശേഷി വികസന നിധിയാണ് വഹിക്കുന്നത്. പൂർണ വേതനം അനുസരിച്ച ഗോസി വിഹിതം അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് സ്‌കൂൾ ഉടമകൾക്ക് അധിക സാമ്പത്തിക ഭാരമുണ്ടാക്കുകയാണ്. വേനലവധിക്കാലത്ത് മൂന്നു മാസത്തെ വേതനം അധ്യാപകർക്ക് വിതരണം ചെയ്യുന്നതിനും സ്‌കൂൾ ഉടമകളെ നിർബന്ധിക്കുന്നുണ്ട്. സൗദി അധ്യാപകരെ കിട്ടാനില്ലാത്ത ചില വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരെ വിദേശങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുകയോ ആശ്രിത വിസയിൽ കഴിയുന്ന വിദേശ അധ്യാപികമാരെ നിയമിക്കുന്നതിന് അനുവദിക്കുകയോ ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 
സ്‌കൂളുകളുടെ ലൈസൻസ് പുതുക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടണമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യവസ്ഥ ബാധകമാക്കി. നഴ്‌സറി സ്‌കൂളുകൾക്ക് 900 ചതുരശ്ര മീറ്ററും വ്യത്യസ്ത തലങ്ങൾ അടങ്ങിയ സ്‌കൂൾ കോംപ്ലക്‌സുകൾക്ക് 7,500 ചതുരശ്രമീറ്ററും വിസ്തീർണത്തിൽ സ്ഥലമുണ്ടായിരിക്കണമെന്ന, പാലിക്കുന്നതിന് ബുദ്ധിമുട്ടായ വ്യവസ്ഥയാണ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ബാധകമാക്കിയിരിക്കുന്നത്.  
 

Latest News