Sorry, you need to enable JavaScript to visit this website.

സ്‌കൂൾ സ്വകാര്യവൽക്കരണ പദ്ധതിക്ക് അംഗീകാരം

ജിദ്ദ - സ്വതന്ത്ര സ്‌കൂൾ (സ്വകാര്യവൽക്കരണ) പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇരുപത്തിയഞ്ചു ഗവൺമെന്റ് സ്‌കൂളുകളുടെ നടത്തിപ്പ് സ്വകാര്യ മേഖലയെ ഏൽപിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണത്തിന് മേൽനോട്ടം വഹിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റി സ്വതന്ത്ര സ്‌കൂൾ പദ്ധതി നടപ്പാക്കും. 
മൈദ മിൽ നിയമവും ഭക്ഷ്യസുരക്ഷാ തന്ത്രവും മന്ത്രിസഭ അംഗീകരിച്ചു. സൗദി ഗ്രെയിൻസ് ഓർഗനൈസേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ പരിസ്ഥിതി, ജല, കൃഷി മന്ത്രി സമർപ്പിച്ച റിപ്പോർട്ടും സാമ്പത്തിക, വികസന സമിതി സമർപ്പിച്ച ശുപാർശകളും പരിശോധിച്ചാണ് മൈദ മിൽ നിയമവും ഭക്ഷ്യസുരക്ഷാ തന്ത്രവും മന്ത്രിസഭ അംഗീകരിച്ചത്. 
കഴിഞ്ഞ ശനിയാഴ്ച രാത്രി സൽമാൻ രാജാവ് ശിലാസ്ഥാപനം നിർവഹിച്ച ഖിദിയ വിനോദ പദ്ധതി 2030 ഓടെ പ്രതിവർഷം 1.7 കോടി സന്ദർശകരെ സ്വീകരിക്കുമെന്നും സൗദികൾക്ക് 57,000 പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നും പെട്രോളിതര മേഖലയിൽനിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി അംഗീകരിച്ച സ്വകാര്യവൽക്കരണ പദ്ധതിയെ മന്ത്രിസഭ പ്രശംസിച്ചു. ദേശീയ സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമത ഉയർത്തുന്നതിനും മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് 40 ശതമാനത്തിൽനിന്ന് 65 ശതമാനമായി 2030 ഓടെ ഉയർത്തുന്നതിനും സർക്കാരിതര മേഖലയിലെ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനും സേവനങ്ങളുടെ ഗുണ നിലവാരം ഉയർത്തുന്നതിനും കൂടുതൽ പേരിലേക്ക് സേവനങ്ങൾ എത്തിക്കുന്നതിനും സ്വകാര്യവൽക്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രിസഭാ യോഗം പറഞ്ഞു. 
അതേസമയം, രണ്ടു വർഷത്തിനുള്ളിൽ രണ്ടായിരം ഗവൺമെന്റ് സ്‌കൂളുകളുടെ നടത്തിപ്പ് സ്വകാര്യ മേഖലയെ ഏൽപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസ പറഞ്ഞു. സ്വതന്ത്ര സ്‌കൂൾ പദ്ധതി വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കും. 
തുടക്കത്തിൽ 25 സ്‌കൂളുകളാണ് സ്വകാര്യവൽക്കരിക്കുക. പിന്നീട് പദ്ധതി കൂടുതൽ വ്യാപിപ്പിക്കും. 2020 ൽ സ്വകാര്യവൽക്കരിക്കുന്ന സ്‌കൂളുകളുടെ എണ്ണം രണ്ടായിരം ആയി ഉയർത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 
 

Latest News