തിരുവനന്തപുരം- വൈസ് ചാന്‍സലര്‍ നിയമനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട്. പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, കുസാറ്റ് വി.സിമാര്‍ക്കു കത്തയച്ചു. സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്ന 15 അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ നീങ്ങുന്നത്.
ഒക്ടോബര്‍ 24നു കേരള വി.സിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണറുടെ കത്ത്. 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ് വി.സിമാരായി നിയമിക്കാന്‍ കഴിയുക. ഉടനടി പട്ടിക നല്‍കണമെന്നാണ് കത്തിലെ നിര്‍ദേശം. വി.സിയുടെ കാലാവധി അവസാനിച്ചാല്‍ താല്‍ക്കാലിക ചുമതല മറ്റു വി.സിമാര്‍ക്ക് നല്‍കാറാണ് പതിവ്. അതില്‍നിന്നു വ്യത്യസ്തമായാണു പുതിയെ വി.സിയെ നിയമിക്കാനുള്ള തീരുമാനവുമായി ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്.
സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്നു ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നു സെനറ്റ് യോഗം വിളിച്ചെങ്കിലും ക്വാറം തികയാത്തതിനാല്‍ യോഗം നടന്നില്ല.