പത്തനംതിട്ട- നരബലി കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് അവയവങ്ങള്‍ സൂക്ഷിച്ചതെന്ന് ഭഗവല്‍ സിംഗും ലൈലയും പറഞ്ഞതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
അവയവങ്ങള്‍ വില്‍ക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. അവയവങ്ങള്‍ വാങ്ങാന്‍ ബംഗളൂരുവില്‍ നിന്ന് ഒരാള്‍ എത്തുമെന്നും ഷാഫി പറഞ്ഞിരുന്നു. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും ശരീരത്തില്‍ ചില ആന്തരികാവയവങ്ങളില്ലെന്ന് പോലീസ് വെളിപ്പെടുത്തി. ആന്തരികാവയവങ്ങള്‍ മുറിച്ചുമാറ്റി പിന്നീട് കുഴിയില്‍ നിക്ഷേപിച്ചതായി പ്രതികള്‍ പറയുന്നു. പത്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് അവയവങ്ങള്‍ ശാസ്ത്രീയമായ രീതിയിലാണ് വേര്‍പ്പെടുത്തിയതെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. മനുഷ്യശരീരത്തില്‍ എളുപ്പത്തില്‍ വേര്‍പെടുത്താവുന്ന സന്ധികള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കിയാണ് കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവര്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ.