Sorry, you need to enable JavaScript to visit this website.

സസ്‌പെന്റ് ചെയ്തിട്ടും പദവിയും ഓഫീസും ഒഴിയാതെ ഇബ്രാഹീം എളേറ്റിൽ, ദുബായ് കെ.എം.സി.സിയിൽ അനിശ്ചിതത്വം

ഇബ്രാഹീം എളേറ്റിൽ

ദുബായ്- കെ.എം.സി.സി ദുബായ് പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് നീക്കിയെങ്കിലും പദവിയോ ഓഫീസോ ഒഴിയാൻ തയ്യാറാകാതെ ഇബ്രാഹീം എളേറ്റിൽ. ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി(സി.ഡി.എ)യിൽ കെ.എം.സി.സി രജിസ്റ്റർ ചെയ്തത് ഇബ്രാഹീം എളേറ്റിലിന്റെ പേരിലാണ്. സി.ഡി.എ രജിസ്‌ട്രേഷൻ ഡയറക്ടർ ബോർഡിൽ എളേറ്റിലിനാണ് ഭൂരിപക്ഷം. ദുബായ് കെ.എം.സി.സിയെ പ്രതിനിധീകരിച്ച് ഒൻപത് പേരും സ്വദേശികളെ പ്രതിനിധീകരിച്ച് രണ്ടു പേരുമാണ് സി.ഡി.എയിലുള്ളത്. ഇതിൽ ഭൂരിഭാഗം പേരും എളേറ്റിലിനൊപ്പമാണ് എന്നാണ് വിവരം. ഈ അനുകൂല സഹചര്യം ഉപയോഗിച്ചാണ് ഇബ്രാഹീം എളേറ്റിൽ സ്ഥാനത്ത് തുടരുന്നത്. അതേസമയം, ഇബ്രാഹീം എളേറ്റിലിന്റെ സസ്‌പെൻഷൻ തീരുമാനം പിൻവലിക്കില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് എളേറ്റിലിനെ പ്രസിഡന്റ് പദവിയിൽനിന്ന് നീക്കിയത്. 
അതിനിടെ, സാദിഖലി തങ്ങളുടെ തീരുമാനം അംഗീകരിക്കാത്ത ഇബ്രാഹീം എളേറ്റിലിന്റെ നടപടി ദുബായ് കെ.എം.സി.സിയുടെ പ്രവർത്തനം അവതാളത്തിലാക്കി. ദുബായിൽ ഇന്ന് നടക്കേണ്ടിയിരുന്ന കെ.എം.സി.സി പരിപാടി മാറ്റിവെച്ചു. ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും സി.എച്ച് രാഷ്ട്രസേവ പുരസ്‌കാര ചടങ്ങുമാണ് മാറ്റിവെച്ചത്. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, ഡോ.എം.കെ മുനീർ, കെ. മുരളീധരൻ എം.പി എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി  ദുബായിൽ എത്തിയിരുന്നു. അവാർഡ് ജേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് യാത്ര റദ്ദാക്കി. 

കെ.എം.സി.സി മുൻ ഭാരവാഹികളായ പി.കെ അൻവർ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, പൊട്ടങ്കണ്ടി ഇസ്മായിൽ, അഡ്വക്കേറ്റ് സാജിദ് കോറോത്ത് എന്നിവർക്കെതിരെ ഇബ്രാഹീം എളേറ്റിൽ പരാതി നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തെ സ്ഥാനത്ത്‌നിന്ന് നീക്കിയത്. സാദിഖലി ശിഹാബ് തങ്ങളുടെ നിർദ്ദേശം അവഗണിച്ചാണ് കേസുമായി എളേറ്റിൽ മുന്നോട്ടുപോയത്. ദുബായ് കെ.എം.സി.സിയിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പരാതിയുമായി എളേറ്റിൽ രംഗത്തെത്തിയത്. 2018-ൽ മുസ്്‌ലിം ലീഗിന്റെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രത്യേക താൽപര്യപ്രകാരമാണ് എളേറ്റിൽ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. 

2014ലാണ് ദുബായ് കെ.എം.സി.സിയുടെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിൽ എളേറ്റിൽ ഇബ്രാഹിം പക്ഷം പരാജയപ്പെടുകയും പി.കെ അൻവർ നഹയുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽ വരികയും ചെയ്തു. 2018ൽ സംഘടനാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ വേളയിൽ ഇബ്രാഹീം എളേറ്റിലിന്റെ നേതൃത്വത്തിലുള്ള പക്ഷം സംഘടന നേതൃത്വം കൈക്കലാക്കാൻ ശ്രമം നടത്തി എന്നാണ് മറുപക്ഷം പറയുന്നത്. ചന്ദ്രികയുടെ ദുബായ് എഡിഷൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമായിരുന്നു അത്. ചന്ദ്രികയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തന്നെ പ്രസിഡന്റ് പദവിയിൽ നിയമിക്കണം എന്നാവശ്യപ്പെട്ട് ഹൈദരലി തങ്ങളിൽ സമർദ്ദം ചെലുത്തി. തെരഞ്ഞെടുപ്പ് ഒഴിവാക്കി പുതിയ കമ്മിറ്റിക്ക് ഹൈദരലി തങ്ങൾ അനുവാദം നൽകി. സാദിഖലി തങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഈ നിയമനം. ദുബായ് ചന്ദ്രികയിലെ പ്രതിസന്ധി പക്ഷെ പരിഹരിക്കപ്പെട്ടില്ല. ദുബായ് എഡിഷൻ ചന്ദ്രിക പ്രവർത്തനം നിലച്ചു. ഇതിനിടെയാണ് പുതിയ കമ്മിറ്റി നിലവിൽ വരുന്ന സമയം എത്തിയത്. ഇത് അട്ടിമറിക്കുന്നതിന് ദുബായ് പോലീസിൽ പരാതി നൽകുകയായിരുന്നു ഇബ്രാഹീം എളേറ്റിൽ ചെയ്തത് എന്നാണ് മറുപക്ഷം ആരോപിക്കുന്നത്. ദുബായിൽ കെ.എം.സി.സിയുടെ പ്രവർത്തനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള നീക്കമാണ് നടത്തിയത് എന്നും ഇവർ പറയുന്നു. ഈ സഹചര്യത്തിലാണ് ഇബ്രാഹീം എളേറ്റിലിനെ സാദിഖലി തങ്ങൾ സ്ഥാനത്തുനിന്ന് നീക്കിയത്. കഴിഞ്ഞ ദിവസം യു.എ.ഇയിൽ സന്ദർശനം നടത്തിയ സാദിഖലി തങ്ങൾ ദുബായിൽ കെ.എം.സി.സി പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. നേരത്തെ പ്രഖ്യാപിച്ച ചടങ്ങിൽ പങ്കെടുക്കാനായാണ് കെ.എം ഷാജി എത്തിയത്. 


 

Latest News