തിരുവനന്തപുരം- തിങ്കളാഴ്ച നടക്കുന്ന എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കേരളത്തിലെ എല്ലാ പി.സി.സി അംഗങ്ങളോടും വോട്ടുചോദിച്ച് ശശി തരൂര്‍ എംപി. രഹസ്യബാലറ്റാണെന്നും ആര്‍ക്ക് വോട്ടുചെയ്തു എന്ന് മറ്റാര്‍ക്കും അറിയാന്‍ കഴിയില്ലെന്നും എനിക്കുതന്നെ വോട്ടു നല്‍കണമെന്നും ഫെയ്‌സ്ബുക് വീഡിയോയില്‍ തരൂര്‍ അഭ്യര്‍ഥിച്ചു. മാറ്റത്തിന് ഒരു വോട്ട് എന്നതാണു തരൂരിന്റെ മുദ്രാവാക്യം.
'നമസ്‌കാരം, എന്റെ സുഹൃത്തുക്കളെ ഞാന്‍ നിങ്ങളോട് ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളൂ. നാളെ ധൈര്യത്തോടെ വന്നു മാറ്റത്തിനുവേണ്ടി എനിക്ക് വോട്ടുചെയ്യൂ. വരാന്‍ പോകുന്ന വലിയ വെല്ലുവിളി നേരിടാന്‍ മാറ്റം കൊണ്ടുവന്നെങ്കില്‍ മാത്രമേ സാധിക്കൂ. നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പുതിയ ഊര്‍ജം കൊടുക്കാനാണ് ഞാന്‍ നില്‍ക്കുന്നത്.
എങ്കിലേ ബി.ജെ.പിയെ 2024ല്‍ തോല്‍പ്പിക്കാന്‍ സാധിക്കൂ. അതുകൊണ്ട് വോട്ടു ചെയ്യണം. മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഞാനെന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാറ്റത്തിന് വോട്ടുനല്‍കണം. ആര്, ആര്‍ക്ക്, എവിടെ വോട്ടുചെയ്തു എന്ന് പിടികിട്ടില്ല. രഹസ്യബാലറ്റാണ്. അതിനാല്‍ ധൈര്യമായി വോട്ടു ചെയ്യാം- തരൂര്‍ പറഞ്ഞു.