ജിദ്ദ- പ്രതിഭയുടെ ഉത്തുംഗതയിൽ വിരാജിക്കുന്ന മാന്ത്രികസംഗീതജ്ഞനും ഭാവിയുടെ വാഗ്ദാനമായ കൗമാര പ്രതിഭയും തമ്മിലുള്ള കൂടിക്കാഴ്ച ജിദ്ദയിലെ തമിഴ്‌നാട് സ്വദേശികൾക്ക് അവിസ്മരണീയമായി. ഉംറ നിർവഹിക്കാൻ നാട്ടിൽനിന്നെത്തിയ ഇരുവരുടേയും സംഗമം നഗരത്തിലെ ഹോട്ടലിൽ നടത്തിയ സ്വീകരണ ചടങ്ങിലായിരുന്നു. വിശ്രുത സംഗീതകാരൻ എ.ആർ. റഹ്മാനും രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൽ കലാം കണ്ടെത്തിയ കൗമാര പ്രതിഭ ഫസൽ റഹ്മാനുമായിരുന്നു അത്.
ഇത്തവണ പത്മശ്രീ നോമിനിയായ, തമിഴ്‌നാട് ചെങ്കൽപേട്ട് സ്വദേശിയും പ്ലസ് ടു വിദ്യാർഥിയുമായ ഫസൽ റഹ്മാന്, സംഗീതകുലപതിയുമായുള്ള കൂടിക്കാഴ്ച ഏറെ ആഹ്ലാദകരമായിരുന്നു. ജിദ്ദ അസീസിയയിലെ സ്റ്റാർ റസ്റ്റോറന്റിൽ 'ചെറിയ റഹ്മാന്' എല്ലാ പ്രോത്സാഹനങ്ങളും എ.ആർ. റഹ്മാൻ വാഗ്ദാനം ചെയ്തു. ജനീവയിൽ നടക്കുന്ന യുനെസ്‌കോ സമ്മേളനത്തിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളാണ് ഫസൽറഹ്മാനും എ.ആർ. റഹ്മാനും. മേയ് 26 ന് ഇരുവരും ജനീവയിൽ കണ്ടുമുട്ടും.
ഉംറയും മദീന സിയാറത്തും നിർവഹിച്ച ശേഷം എ.ആർ. റഹ്മാൻ ഇന്നലെ രാത്രി ജിദ്ദയിൽനിന്ന് ന്യൂയോർക്കിലേക്ക് പോയി. പൂർത്തിയാകാനിരിക്കുന്ന ഇംഗ്ലീഷ് സിനിമയുടെ സംഗീത സംവിധാന ജോലിക്ക് ശേഷമായിരിക്കും ചെന്നൈയിലേക്ക് മടങ്ങുക. സ്‌ലംഡോഗ് മില്യനയറിനു ശേഷം ഹോളിവുഡിൽ ഏറെ സുപരിചിതനായ റഹ്മാൻ, ഹണ്ട്‌റഡ് ഫുഡ് ജേണി എന്ന സിനിമയുടെ ഗംഭീര വിജയത്തെത്തുടർന്നാണ് പുതിയ ഇംഗ്ലീഷ് സിനിമയുടെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പറന്നത്. ഇത്തവണ ആറു ദേശീയ പുരസ്‌കാരങ്ങൾ നേടിയ റഹ്മാൻ, ഇന്ത്യൻ സിനിമയുടെ യശസ്സ് ലോകമെങ്ങും വ്യാപിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച സംഗീതജ്ഞനാണ്. സൗദിയിലെ പുതിയ വിനോദ നഗരപദ്ധതിയും സിനിമാ സംരംഭങ്ങളും പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിദ്ദ തമിഴ്‌സംഘം സാരഥി സിറാജിന്റെ ആതിഥേയത്വത്തിലാണ് എ.ആർ.റഹ്മാന് സ്വീകരണം നൽകിയത്.