കൊച്ചി- കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് മണ്‍സൂണ്‍ ഇനിയും പിന്മാറിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുള്ളതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാദ്ധ്യതയുണ്ട്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും പാലക്കാടുമാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മദ്ധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴികളാണ് മഴ സജീവമാകാന്‍ കാരണം. ചക്രവാതച്ചുഴി വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദമാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, പുതുച്ചേരി. തമിഴുനാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഒരാഴ്ചക്കിടെ ശക്തമായ മഴയുണ്ടാവും. ചത്തിസ്ഗഢ്, തെലുങ്കാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.