ദോഹ-ഖത്തറില്‍ മേഘ ചലനങ്ങളില്‍ മാറ്റം കണ്ടു തുടങ്ങിയതിനാല്‍ അല്‍ വാസ്മി സീസണ്‍ നാളെ ആരംഭിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഞായറാഴ്ചയാണ് അല്‍ വാസ്മിയുടെ ആദ്യ ദിനം. രാജ്യത്ത് മഴക്കാലത്തിന്റെ തുടക്കമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
നാളെ ആരംഭിക്കുന്ന ഈ സീസണ്‍ ഡിസംബര്‍ ആറു വരെ 52 ദിവസം നീണ്ടുനില്‍ക്കുമെന്നും പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള മേഘങ്ങളുടെ ചലനമായിരിക്കും ഈ സീസണിലെ സവിശേഷതയെന്നും ഖത്തര്‍ കാലാവസ്ഥവകുപ്പ് കൂട്ടിച്ചേര്‍ത്തു.
ട്രഫിള്‍ (പ്ലാന്റ് ജെറേനിയം), അല്‍യാര്‍വ പോലുള്ള വിവിധ സസ്യങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന മഴയുമായി പൊരുത്തപ്പെടുന്നതിനാലാണ് ഈ കാലഘട്ടത്തെ അല്‍വാസ്മി എന്ന് വിളിക്കുന്നത്.
ഈ കാലയളവില്‍ ദോഹയില്‍ താപനില കുറയും. വരണ്ട വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുന്നതോടെ ചില സമയങ്ങളില്‍ തണുപ്പ് അനുഭവപ്പെടും.
നാട്ടില്‍ തുലാവര്‍ഷം കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് മനസ്സിനും മരുഭൂമിക്കും കുളിര്‍മ നല്‍കി മഴ പെയ്യുന്ന അല്‍ വാസ്മി സീസണ്‍ ഏറെ പ്രിയപ്പെട്ടതാണ് .