Sorry, you need to enable JavaScript to visit this website.

കുന്നപ്പിള്ളി പൊങ്ങുമോ അതോ പൊക്കുമോ; വിധി ഇന്നറിയാം

തിരുവനന്തപുരം - ഒളിജീവിതം നയിക്കുന്ന ബലാൽസംഗക്കേസിലെ പ്രതി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നിപ്പിള്ളി ഉടൻ പൊങ്ങുകയോ പോലീസ് പെക്കുകയോ ചെയ്യും. ആറുദിവസമായി ഒളിവിലുള്ള എം.എൽ.എയുടെ ജാമ്യാപേക്ഷ ഇന്ന് വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ വിധി അനുകൂലമായാലും പ്രതികൂലമായാലും ഒളിച്ചുകളി അവസാനിപ്പിക്കേണ്ടി വരും.
 ജാമ്യാപേക്ഷ കോടതി അംഗീകരിച്ചാൽ തുടർ നിയമ നടപടികളിലേക്ക് പോകാം. അതല്ല, ജാമ്യാപേക്ഷ കോടതി നിരസിച്ചാൽ പോലീസ് മുമ്പാകെയോ കോടതിയിലോ കീഴടങ്ങാതെ രക്ഷയുണ്ടാകില്ല. ഒപ്പം പാർട്ടി തല നടപടിയും എം.എൽ.എയെ കാത്തിരിക്കുന്നു. ഈമാസം 20-നകം മറുപടി നൽകാനാണ് കെ.പി.പി.സി.സി പ്രസിഡന്റിന്റെ അന്ത്യശാസനം.
 അതിനിടെ, കേസ് ഭാവിയിൽ എതിരാളികൾക്ക് ആയുധമാകാത്തവിധം രാഷ്ട്രീയ മൈലേജിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന തന്ത്രപരമായ ചുവടിലാണ് സി.പി.എം. എൽദോസ് കുന്നപ്പിള്ളിയുടെ രാജി പരസ്യമായി ആവശ്യപ്പെടാതെ രാഷ്ട്രീയ സമ്മർദം ശക്തമാക്കാനാണ് നേതൃതീരുമാനം. കുന്നപ്പിള്ളിക്കെതിരായ കേസിൽ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലാണെന്നും അവർ നടപടിയെടുക്കട്ടെയെന്നുമാണ് സി.പി.എം നിലപാട്. എം.എൽ.എയെ ആ സ്ഥാനത്ത് ഇരുത്തണമോയെന്ന കാര്യം കോൺഗ്രസിന്റെ ധാർമികതയുമായി ബന്ധപ്പെട്ടതാണെന്നും അധികാരസ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സി.പി.എം വ്യക്തമാക്കുന്നു.
  ലൈംഗികാരോപണം അടക്കമുള്ള പീഡനക്കേസുകൾ പലതും പൊങ്ങുന്നത് ഇരുകക്ഷികളും മാസങ്ങളോ വർഷങ്ങളോ ആയി തുടരുന്ന അവിശുദ്ധ കൂട്ടുകൃഷിയിൽ പൊരുത്തക്കേടുകൾ ഉണ്ടാകുമ്പോഴാണ്. അതിനാൽ അത്തരം കേസുകളിൽ ഒരുതരം നിസ്സഹായാവസ്ഥ പലർക്കുമുണ്ടാകുന്നുണ്ട്. എങ്കിലും ഇരക്ക് നീതി ഉറപ്പാക്കണമെന്നതിൽ സംശയമില്ല. നിയമവും രാഷ്ട്രീയസദാചാരവുമെല്ലാം പറയുമ്പോഴും കാര്യങ്ങൾ നിയമത്തിന് മുമ്പിലേക്ക് പോകാതിരിക്കാനും തങ്ങൾക്കു വേണ്ടപ്പെട്ടവരെങ്കിൽ പരാതി ഒതുക്കീത്തീർക്കാനും പൊതുവേ എല്ലാ പാർട്ടികളും ശ്രദ്ധിക്കാറുമുണ്ട്. എന്നാൽ എൽദോ വിഷയത്തിൽ രാഷ്ട്രീയന്യായീകരണത്തിന് മുതിരാതെ തുടക്കം മുതലേ തുറന്ന നിലപാടാണ് കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷ നേതാവും സ്വീകരിച്ചത്. ഇനി എൽദോയുടെ മറുപടിയും പാർട്ടി സ്വീകരിക്കുന്ന അച്ചടക്ക നടപടിയും എന്താകുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. എന്തായാലും നിയമ, പാർട്ടി അച്ചടക്ക നടപടികളുടെയെല്ലാം മർമം ഇന്നത്തെ കോടതി വിധിയാവും.

Latest News