പാലക്കാട് - സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ഇലന്തൂരിലെ ഇരട്ട നരബലിക്കേസിലെ പ്രതി ഭവഗവൽസിംഗിന്റെ പേര് പറയാതെ പരോക്ഷ വിമർശവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. മതിയായ പരിശോധനയില്ലാതെ പാർട്ടി മെമ്പർഷിപ്പ് നൽകുന്നതിന്റെ ദൂഷ്യഫലമാണ് നാം അനുഭവിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആത്മവിമർശം. സി.പി.എം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയുടെ ഇം.എം.എസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മാർക്സിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും ഉണ്ടാകണം. ചരിത്രം, പാർട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവൃത്തിയിലേർപ്പെടുമ്പോഴാണ് ഒരാൾ മാർക്സിസ്റ്റ് ആകാൻ തുടങ്ങുക. സി.പി.എം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ചിലർ ജീവിതത്തിൽ പകർത്തുന്നില്ല. ശുദ്ധ അംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവർ വഴുതി മാറുന്നു. എന്നിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറാണെന്ന പേരുദോഷം നമ്മൾ കേൾക്കാനിടയാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭഗവൽസിംഗ് പാർട്ടി അംഗമാണോയെന്ന് വ്യക്തമാക്കാതെയായിരുന്നു നരബലി വാർത്തകളുടെ തുടക്കത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരുന്നത്. ആരായാലും ക്രിമിനലുകൾക്കെതിരെ കർനശന നടപടി വേണം. പാർട്ടി അംഗമാണോയെന്നത് പ്രശ്നമേയല്ല. പാർട്ടി അംഗമായതുകൊണ്ട് ഒരാൾക്കും ഒരു ആനുകൂല്യവുമില്ലെന്നതാണ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.