സേലം- തമിഴ്‌നാട്ടില്‍ അമ്മയെ 14കാരന്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സത്യമംഗലത്താണ് ദാരുണ സംഭവമുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവറാണി (36) ആണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ ആക്രമണത്തില്‍ മരിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ ഹോസ്റ്റലിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
സത്യമംഗലത്തെ ഒരു സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്നു മകന്‍. എന്നാല്‍ അടുത്തിടെ ഹോസ്റ്റലിലേക്ക് പോകാന്‍ കുട്ടി തയാറായില്ല. വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോയി വരാന്‍ തുടങ്ങി. അടുത്തിടെ കഴിഞ്ഞ പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതോടെ ഹോസ്റ്റലിലേക്ക് തിരിച്ചുപോകാന്‍ അമ്മ മകനെ നിര്‍ബന്ധിക്കുകയായിരുന്നു. ബുധനാഴ്ച ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
അച്ഛന്‍ അരുള്‍സെല്‍വന്‍ ജോലിക്ക് പോയതിനു ശേഷം മൂന്നു പേരും ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്. പാതിരാത്രി 12 മണി ആയപ്പോള്‍ യുവറാണിയെ ഫ്‌ളവര്‍ വേയ്‌സുകൊണ്ടും കല്ലുകൊണ്ടും തലക്കടിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ഇളയമകള്‍ കണ്ട് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. 12 കാരിയായ കുട്ടിയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ മകനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിക്കാലം മുതല്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന മകനെ അപ്രതീക്ഷിതമായി ഹോസ്റ്റലിലേക്കു മാറ്റിയതോടെ കുട്ടിയുടെ മാനസികനില തെറ്റിയിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ സമിതി അധികൃതര്‍ പറഞ്ഞു. ഹോസ്റ്റല്‍ അധികൃതരെയും ചോദ്യം ചെയ്യുമെന്നു പോലീസ് വ്യക്തമാക്കി.