തിരുവനന്തപുരം-: വിവാദങ്ങളും വിമര്‍ശനങ്ങളും കത്തിക്കാളുന്നതിനിടെ യൂറോപ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജും തിരികെയെത്തി. ഇന്ന് പുലര്‍ച്ചെയാണ് കുടുംബസമേതം മുഖ്യമന്ത്രി ദുബായില്‍ നിന്ന് തിരികെ തിരുവനന്തപുരത്തെത്തിയത്. യൂറോപ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്നാണ് സൂചന. വിദേശ നിക്ഷേപങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തിന് ഉപകാരപ്രദമായ നിരവധി കരാറുകളില്‍ ഒപ്പുവെക്കുന്നതിനും പഠനങ്ങള്‍ നടത്തുന്നതിനും മറ്റുമായി മന്ത്രിമാരുടെ സംഘത്തോടൊപ്പം വിദേശത്തേയ്ക്ക് പോയ മുഖ്യമന്ത്രി കുടുംബത്തെ ഒപ്പം കൂട്ടിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമുണ്ടായെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം രംഗത്തെത്തിയിരുന്നു.
വിദേശയാത്ര സംബന്ധിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ വിശദീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. 'മന്ത്രിമാര്‍ വന്നിറങ്ങിയില്ലല്ലോ. അതിന് മുമ്പ് ധൂര്‍ത്താണെന്ന് പറഞ്ഞാല്‍ പറ്റുമോ? ഭര്‍ത്താവ് മന്ത്രിയായാല്‍ ഭാര്യയ്ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ലെന്നില്ല. അവര്‍ സ്വന്തം ചെലവിലാണ് വന്നത്. സ്വന്തം ഭാര്യമാരെയാണ് മന്ത്രിമാര്‍ കൊണ്ടുപോയത്. നേട്ടങ്ങള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരുന്നത് പോലെയല്ല. അതെല്ലാം ഭാവിയില്‍ കാണാം.' ഇതായിരുന്നു ശിവന്‍കുട്ടിയുടെ വാക്കുകള്‍. മന്ത്രിമാരുടെ വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണെന്നും അല്ലാതെ ഉല്ലാസത്തിന് വേണ്ടിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം കേന്ദ്രസര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നായിരുന്നു വി മുരളീധരന്‍ പറഞ്ഞത്. ജനങ്ങള്‍ പ്രാണഭയത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉല്ലാസയാത്രയെന്നും അദ്ദേഹം പറഞ്ഞിരുന്നു.