സകാക്ക- പ്രവാസിയുടെ വിവാഹ പാര്‍ട്ടി കെങ്കേമമാക്കി സൗദി സ്‌പോണ്‍സര്‍. അല്‍ ജൗഫ് മേഖലയിലെ സകാക്ക നഗരത്തിലാണ് സ്‌പോണ്‍സറും ജീവനക്കാരനും തമ്മിലുള്ള ബന്ധവും സ്‌നേഹവും വിളിച്ചോതിയ വിവാഹ പാര്‍ട്ടി നടന്നത്.
സുഡാനീസ് ജീവനക്കാരന്റെ വിവാഹ പാര്‍ട്ടിയുടെ എല്ലാ ചെലവുകളും ഏറ്റെടുത്തുകൊണ്ടും പാര്‍ട്ടിക്കെത്തിയവരെ സ്വീകരിച്ചും സ്‌പോണ്‍സര്‍ മനം കവര്‍ന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ധാരാളം പേര്‍ പങ്കുവെച്ചു.
ക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യത്തില്‍ തന്റെ വിവാഹ ചടങ്ങ് സൗദിയില്‍ നടത്താന്‍ സുഡാനി പൗരന്‍ തീരുമാനിച്ചതോടെ അത് സ്‌പോണ്‍സര്‍ ഏറ്റെടുക്കുകയായിരുന്നു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സുഡാനീസ് പ്രവാസിയായ മുഹമ്മദ് ജമാലിനെ ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും ഒപ്പം ജോലി ചെയ്യുന്ന എല്ലാവരും അത് സാക്ഷ്യപ്പെടുത്തുമെന്നും സൗദി പൗരനും സ്‌പോണ്‍സറുമായ മൂസ അല്‍ ഖാദിബ് പറഞ്ഞു. ഇതു കാരണം അദ്ദേഹത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ധാരാളം പേരാണ് എത്തിച്ചേര്‍ന്നത്.
സ്വദേശികളുമായി തന്നെ ബന്ധിപ്പിക്കുന്നത് തൊഴില്‍ ബന്ധമല്ലെന്നും അതു കുടുംബ ബന്ധത്തിനു സമാനമാണെന്നും സുഡാനി മുഹമ്മദ് ജമാല്‍ പറഞ്ഞു.
ഏഴ് വര്‍ഷത്തിലേറെയായി എന്‍ജിനീയര്‍ മൂസ അല്‍ ഖാദിബിനൊപ്പം താന്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹവുമായുള്ള ബന്ധം ജോലി കൊണ്ടു മാത്രം നിര്‍വചിക്കാനാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സകാക്കയില്‍ തനിക്ക് അറിയാവുന്ന ഭൂരിഭാഗം പേരും, സുഡാനികളായാലും സൗദികളായാലും വിവാഹത്തില്‍ പങ്കെടുത്തിരുന്നുവെന്ന് ജമാല്‍ പറഞ്ഞു.
ജമാലിന്റെ വിരുന്നിന് തയ്യാറെടുക്കുന്നതിലും അതിഥികളെ സ്വാഗതം ചെയ്യുന്നതിലും സ്‌പോണ്‍സറുടെ പങ്കാളിത്തം വീഡിയോയില്‍ കാണാം.
فيديو | سعودي يتكفل بزفاف مكفوله السوداني في منطقة الجوف#برنامج_اليوم pic.twitter.com/11vzUmSac8
— برنامج اليوم (@Studioekhbariy) October 11, 2022