കൊച്ചി- പീഡനാരോപണക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. കഴിഞ്ഞ നാലു ദിവസമായി എം.എല്‍.എയെ കാണാനില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.എ.അഷ്‌കര്‍ പോലീസില്‍ പരാതി നല്‍കി.
മണ്ഡലത്തിലെ ജനപ്രതിനിധിയായ എല്‍ദോസ് പി. കുന്നപ്പള്ളിയെ കാണാനില്ല. എം.എല്‍.എ.യുടെ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. അതുകൊണ്ട് തന്നെ എം.എല്‍.എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ നിറവേറ്റാന്‍ താനുള്‍പ്പെടെയുള്ള മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് കഴിയുന്നില്ലെന്നും എം.എല്‍.എയെ കണ്ടെത്തി നല്‍കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് റെസീപ്റ്റും നല്‍കിയിട്ടുണ്ട്. പെരുമ്പാവൂരില്‍ ഡി.വൈ.എഫ്.ഐ നാളെ പ്രതീകാത്മക തിരയലും സംഘടിപ്പിക്കും.