കോഴിക്കോട് - സെപ്റ്റംബറില്‍ മാവൂര്‍ റോഡില്‍ മദ്യലഹരിയില്‍ യാത്രക്കാരോടും കച്ചവടക്കാരോടും അപമര്യാദയായി പെരുമാറിയ സംഘം പിടിയില്‍.
വടികളും ബിയര്‍ കുപ്പികളും കൈയിലേന്തി നഗരത്തില്‍ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ച്, ബൈക്ക് യാത്രക്കാരനായ ദിപിന്‍, എടക്കല്‍ താഴെ എന്നയാളെ ബൈക്ക് ഓടിച്ച് പോകുമ്പോള്‍ പിറകില്‍നിന്നു ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു ഈ സംഘം. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചത്. ഇതിലെ പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളിചാലില്‍ രഞ്ജിത്ത് കണ്ണൂര്‍ ഇരട്ടിക്കടുത്തുള്ള പഴശ്ശി ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷി പി.കെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. അതിന് ശേഷം ചോദ്യം ചെയ്ത പ്രതിയില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണന്‍ എന്നിവരേയും അവര്‍ അന്ന് ഉപയോഗിച്ച ഹോണ്ട വാഹനവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികള്‍ക്ക് മുമ്പും സമാന കുറ്റകൃത്യങ്ങളില്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടിട്ടുള്ളവരാണ്. സബ് ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ്, എ.എസ്.ഐ പവിത്ര കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, ഹരീഷ് കുമാര്‍ സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബബിത്ത് കുറുമണ്ണില്‍, ഷജല്‍, ശ്രീജിത്ത് ചെറോട്ട് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.