Sorry, you need to enable JavaScript to visit this website.

പ്ലീസ്, ഹിജാബിനെ വെറുതെവിടൂ...

മതപരമായ ആചാരം അനിവാര്യമോ അല്ലേ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്വയം കൈക്കലാക്കുന്നതിലൂടെ നീതിപീഠങ്ങൾ ദൈവശാസ്ത്ര പണ്ഡിതരായി അവതരിപ്പിക്കപ്പെടുകയാണ്. ആചാരം വ്യക്തിനിഷ്ഠം കൂടിയാണ്. അതിന് തടയിടുന്നത് വൈയക്തിക സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലും ഭരണഘടനാ വിരുദ്ധവുമാണ്. ഹിജാബ് വിധിയിൽ പരമോന്നത കോടതിക്കുള്ള ആശയക്കുഴപ്പത്തിൽ ഇത് വ്യക്തവുമാണ്. 

 

കർണാടകയിൽ ആരംഭിക്കുകയും സുപ്രീം കോടതി വരെ എത്തിയതിലൂടെ ദേശീയശ്രദ്ധയാകർഷിക്കുകയും ചെയ്ത ഹിജാബ് വിവാദത്തിൽ കോടതി മുറികൾപോലും രണ്ടാവുകയാണ്. ഹിജാബ് ധരിക്കാനുള്ള അവകാശം തേടി പരമോന്നത കോടതി വരെയെത്തിയ മുസ്‌ലിം പെൺകുട്ടികൾക്ക് കൃത്യമായ തീർപ്പ് നൽകുന്നതിൽ ജഡ്ജിമാർ പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. കേവല നിയമപ്രശ്‌നമെന്നതിലുപരി, കാഴ്ചപ്പാടാണ് ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോൾ മുൻതൂക്കം നേടുന്നതെന്നതിന്റെ ഉദാഹരണമാണ് സുപ്രീം കോടതിയുടെ വിധി. ഹിജാബ് വേണോ വേണ്ടേ എന്ന കാര്യത്തിൽ ജഡ്ജിമാർ 50-50 എന്ന നിലയിൽ നിൽക്കുമ്പോൾ വിശാലബെഞ്ചിന് വിട്ടിരിക്കുകയാണ് കോടതി. വസ്ത്രധാരണ സ്വാതന്ത്ര്യം സംബന്ധിച്ച ചോദ്യത്തിൽ വാസ്തവത്തിൽ കോടതിക്ക് ആശയക്കുഴപ്പമുണ്ടാകേണ്ടിയിരുന്നില്ല.

മുസ്‌ലിം മത ചിഹ്നങ്ങൾക്കെതിരായ സംഘ് പരിവാറിന്റെ നീക്കമാണ് വാസ്തവത്തിൽ ഹിജാബ് വിവാദത്തിലെത്തിച്ചേർന്നത്. യാതൊരു പ്രകോപനവുമില്ലാതെ ബജ്‌റംഗ്ദൾ പോലെയുള്ള തീവ്ര സംഘടനകൾ, പ്രാദേശിക ഹിന്ദുത്വ ഗ്രൂപ്പുകളുമായി ചേർന്ന് പ്രകോപനമുണ്ടാക്കുകയായിരുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, ജനപിന്തുണയില്ലാത്ത കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനായി ഈ വിഷയത്തിൽ വിവാദ നിലപാട് സ്വീകരിച്ചു. പല വിദ്യാലയങ്ങളും സർക്കാരിന്റെ ഒപ്പം ചേർന്നതിന് പിന്നാലെ കർണാടക ഹൈക്കോടതിയും ഇക്കാര്യത്തിൽ നീതിപൂർവകമല്ലാത്ത നിലപാട് സ്വീകരിച്ചു എന്ന് വിമർശമുണ്ട്. അങ്ങനെയാണ് പല സ്‌കൂളുകളും മുസ്‌ലിം പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസ് മുറികളിലേക്കോ സ്ഥാപനങ്ങളുടെ പരിസരത്തോ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയത്. ഇതോടെ ഹിജാബ് അനുകൂലികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജുഡീഷ്യൽ ആയോ അല്ലാതെയോ, ഈ വിഷയത്തിലെ ചർച്ചകളിൽ ഭൂരിഭാഗവും ശിരൂർ മഠം കേസിൽ സുപ്രീം കോടതി വികസിപ്പിച്ചെടുത്ത അടിസ്ഥാന തത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്നു. മതത്തിന്റെയും മനസ്സാക്ഷിയുടെയും സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 25, 'മതത്തിന്റെ അവിഭാജ്യമായ എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്നു' എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇസ്ലാമിക വിശ്വാസത്തിൽ ഹിജാബ് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് ചോദിക്കാൻ നിലവിലെ ചർച്ചകൾ പലരെയും പ്രേരിപ്പിച്ചു.

അനിവാര്യതയെക്കുറിച്ച ഈ ഊന്നൽ കുറഞ്ഞത് രണ്ട് കാരണങ്ങളാൽ  തെറ്റിദ്ധരിക്കപ്പെടുന്നു. ഒന്ന്, ഇത് മതഗ്രന്ഥങ്ങളുടെയും ആചാരങ്ങളുടെയും വ്യാഖ്യാനത്തോട് ശത്രുതാപരമായ വിവേചനത്തിന്റെ ഒരു ഉദാഹരണം തെറ്റായി ചിത്രീകരിക്കുന്നു. മുസ്ലിം സ്ത്രീകൾ അവരുടെ മതവിശ്വാസത്തിന്റെ പേരിൽ വിവേചനത്തിന് വിധേയരാകുന്നു എന്നത് എല്ലാവരും അവഗണിക്കുന്നു. ഭരണഘടനയുടെ 14 ാം അനുച്ഛേദം നിയമങ്ങൾക്ക് മുമ്പിൽ എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്നതാണ്. മതവും ലിംഗവും ഉൾപ്പെടെ നിരവധി കാരണങ്ങളാൽ വിവേചനം കാണിക്കുന്നത് ആർട്ടിക്കിൾ 15 നിരോധിക്കുന്നു. ഹിജാബ് ധരിച്ചതിന്റെ പേരിൽ മുസ്ലിം പെൺകുട്ടികളെ ക്ലാസ് മുറികളിൽനിന്ന് പുറത്താക്കുന്നത് ഭരണഘടനയുടെ സമത്വദർശനം ലംഘിക്കപ്പെടുന്നതിന്റെ കൃത്യമായ ഉദാഹരണമാണ്.

പ്രത്യേകമായ ഒന്നോ അല്ലെങ്കിൽ രണ്ടോ വിഭാഗങ്ങളിൽപെട്ടുപോയി എന്നതിനാൽ വിവേചനത്തിനിരയാകുന്ന പലരുമുണ്ട്. ആളുകൾ ഏകശിലാരൂപത്തിലുള്ള സ്വത്വങ്ങളാൽ നിർമ്മിതരല്ല, മറിച്ച് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നിലധികം സ്വത്വങ്ങളാൽ ബന്ധിതരാണെന്ന് ഇന്റർസെക്ഷണൽ ഡിസ്‌ക്രിമിനേഷൻ എന്ന ആശയം മുന്നോട്ടുവെക്കുന്ന കിംബർലി ക്രെൻഷോയെപ്പോലുള്ളവർ തിരിച്ചറിയുന്നുണ്ട്. മുസ്ലിം, സ്ത്രീ എന്നീ രണ്ട് സ്വത്വങ്ങളുടെ കൂടിച്ചേരൽ കാരണം മുസ്ലിം സ്ത്രീകൾ ഈ വിവേചനത്തിന് വിധേയമാണ്. അതിനാൽതന്നെ മുസ്‌ലിം സ്ത്രീകളെ വിവേചനത്തിനിരയാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. നവ്തേജ് സിംഗ് ജോഹർ കേസിൽ (2018) സുപ്രീം കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. വിവേചന വിരുദ്ധ വ്യവസ്ഥയുടെ അനിവാര്യമായ ഉള്ളടക്കം 'വ്യത്യസ്ത സ്വത്വങ്ങളെയും സ്വഭാവങ്ങളെയും അംഗീകരിക്കുക' എന്നതാണെന്ന് അന്ന് കോടതി വ്യക്തമാക്കി. 

മാത്രമല്ല, 'പൊതുക്രമം' ലംഘിക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്ന സർക്കാർ ഉത്തരവ് പരോക്ഷമായ വിവേചനത്തിന് തുല്യമാണ്. കേണൽ നിതിഷ കേസിൽ (2021) നമ്മുടെ ഭരണഘടനാ നിയമത്തിന്റെ ഭാഗമായി ഈ സിദ്ധാന്തം സുപ്രീം കോടതി അംഗീകരിച്ചു. ഒരു പ്രവർത്തനം പ്രത്യക്ഷത്തിൽ നിഷ്പക്ഷമായിരിക്കുമ്പോൾ തന്നെ പരോക്ഷമായ വിവേചനം സംഭവിക്കുന്നതായും ഒരു സംരക്ഷിത ഗ്രൂപ്പിൽ അത് അനുപാതരഹിതമായ ആഘാതം ഉണ്ടാക്കുന്നതായും സുപ്രീം കോടതി പറഞ്ഞു. 

മതസ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്വഭാവവും കലർപ്പില്ലായ്മയും കണ്ടെത്താനുള്ള ഈ അനിവാര്യതാ പരിശോധനയിൽ പല കുഴപ്പങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു ആചാരം ഒരു മതത്തിന് അവിഭാജ്യമാണോ അല്ലേ എന്ന് നിർണയിക്കാൻ കോടതികൾ ദൈവശാസ്ത്ര വിദഗ്ധരല്ല. മതസ്വാതന്ത്ര്യ  പണ്ഡിതനായ ഫൈസാൻ മുസ്തഫ പറയുന്നത് ഈ പരിശോധന വ്യക്തി സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയും മതപരമായ കാര്യങ്ങളിൽ കോടതികൾക്ക് അമിതാധികാരം നൽകുകയും ചെയ്യുന്നു എന്നാണ്. ഫലത്തിൽ, അത് ജുഡീഷ്യറിയെ പുരോഹിതരുടെ പദവിയിലേക്ക് ഉയർത്തുന്നു. മാത്രമല്ല, ഒരാളുടെ വിശ്വാസത്തിനും മനസ്സാക്ഷിക്കും ഒരു ആചാരം എത്രത്തോളം പ്രധാനവും അവിഭാജ്യവുമാണെന്നത് വ്യക്തിപരമാണ്. പാരമ്പര്യങ്ങളെയും ഗ്രന്ഥങ്ങളെയും പരാമർശിച്ചുകൊണ്ട്, മതത്തിന് മൊത്തത്തിൽ ആചാരം എത്രത്തോളം അനിവാര്യമാണെന്നാണ് കോടതി നോക്കുക. ഇവിടെ വ്യക്തിപരമായ സ്വാതന്ത്ര്യവും താൽപര്യവും അവഗണിക്കപ്പെടുന്നു. വ്യക്തിയെ സംവാദത്തിന്റെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ട് അവകാശങ്ങൾ വിഭാവനം ചെയ്യണം എന്ന ആശയത്തെ ഇത് ചോദ്യം ചെയ്യുന്നു. ചാൾസ് ഫ്രൈഡ് പറയുന്നതുപോലെ 'വ്യക്തികൾ ആദ്യം വരുന്നു. മറിച്ചു പറയുന്നവൻ രൂപകങ്ങളിൽ കച്ചവടം ചെയ്യുന്നവരാണ്. സമൂഹങ്ങൾ, രാഷ്ട്രങ്ങൾ, കുടുംബം, എന്നിവയെല്ലാം വ്യക്തികളാൽ നിർമ്മിതമാണ്. (മോഡേൺ ലിബർട്ടി, 2007).

1954ൽ, ബ്രൗൺ വേഴ്‌സസ് ബോർഡ് ഓഫ് എജ്യുക്കേഷൻ എന്ന കേസിൽ  പൊതുവിദ്യാഭ്യാസത്തിൽ കറുത്തവരേയും വെള്ളക്കാരേയും വേർതിരിക്കുന്നത്  നിയമവിരുദ്ധമാണെന്ന് യു.എസ് സുപ്രീം കോടതി പ്രഖ്യാപിച്ചു. എന്നിട്ടും ഒമ്പത് ആഫ്രിക്കൻ-അമേരിക്കൻ വിദ്യാർഥികൾ അർക്കൻസാസിലെ ലിറ്റിൽ റോക്ക് സെൻട്രൽ ഹൈസ്‌കൂളിന്റെ ഗേറ്റിൽ എത്തിയപ്പോൾ, അവരെ രോഷാകുലരായ വെള്ളക്കാർ തടയുകയും സ്‌കൂളിലേക്കുള്ള കറുത്ത വിദ്യാർഥികളുടെ പ്രവേശനം തടയാൻ അർക്കൻസാസ് ഗവർണർ നിരവധി സൈനികരെ അയക്കുകയും ചെയ്ത സംഭവം യു.എസ് പൗരാവകാശ ചരിത്രത്തിൽ ഇന്നും ചർച്ചാ വിഷയമാണ്. 

സമാനമായ രീതിയിൽ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ഭീഷണിയാണ് നമ്മുടെ മുസ്‌ലിം സുഹൃത്തുക്കൾ നേരിടുന്നത്. രണ്ട് സാഹചര്യങ്ങളിലും, അടിസ്ഥാനരഹിതമായ കാരണങ്ങളാൽ കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്നു  ഹിജാബും കാവി ഷാളും താരതമ്യം ചെയ്തുകൊണ്ട് വലതുപക്ഷക്കാർ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഹിജാബ് പല മുസ്‌ലിം സ്ത്രീകൾക്കും, മതപരമായ സ്വത്വത്തിന്റെ സഹജമായ ഭാഗമാണെന്നിരിക്കെ, കാവി ഷാൾ ഹിന്ദു തീവ്രവാദത്തിന്റെ പ്രതീകവും ഭയപ്പെടുത്താനുള്ള ഒരു ഉപകരണവുമാണെന്നതാണ് വാസ്തവം. ഒഴിവാക്കലിനും വിവേചനത്തിനുമുള്ള എല്ലാ ശ്രമങ്ങളും ഭരണഘടനയെ ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ടുമാത്രമേ തടയാനാകൂ. 

Latest News