കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നു പണം തട്ടിയെടുക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത പരാതിയിലെ പ്രതി ഒളിവില്‍. ആലപ്പുഴ സ്വദേശി നൂര്‍ മിഖായേല്‍ എന്ന് പരിചയപ്പെടുത്തി ചൂഷണം നടത്തിയെന്നാണ് 42 കാരി പോലിസില്‍ പരാതി നല്‍കിയത്. പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
മൊറയൂര്‍ മുസ്‌ലിയാരങ്ങാടിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പ്രതി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിക്കുകയും വിമാനക്കമ്പനിയില്‍ സീനിയര്‍ സൂപ്പര്‍വൈസര്‍ ജോലി നല്‍കാമെന്ന് വ്യാജരേഖ നല്‍കി യുവതിയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ ഭാര്യയെന്ന പേരില്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച് പീഡിപ്പിച്ച് പലതവണയായി ആറ് ലക്ഷത്തോളം രൂപ കൈവശപ്പെടുത്തുകയായിരുന്നു.
കുടുംബസമേതം എത്തി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. പലരില്‍നിന്നായി പണം വാങ്ങിയാണ് യുവതി ഇയാള്‍ക്ക് നേരിട്ടും അക്കൗണ്ട് വഴിയും പണം നല്‍കിയത്. പിന്നീട് ഫോണ്‍ എടുക്കാതായതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. രേഖകള്‍ ശരിയാക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ കൊണ്ടോട്ടി സി.ഐ. കെ.എന്‍. മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.