മക്ക - മയക്കുമരുന്ന് കടത്ത് കേസില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റിലായ ഈജിപ്ഷ്യന്‍ തീര്‍ഥാടക സഅദിയ അബ്ദുസ്സലാം അല്‍ആസിയെ സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വിട്ടയച്ചു. ഇവരുടെ നിരപരാധിത്വം തെളിയിക്കുന്ന, ഈജിപ്ഷ്യന്‍ പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് ജിദ്ദ ഈജിപ്ഷ്യന്‍ കോണ്‍സുലേറ്റ് സൗദി അധികൃതര്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് തീര്‍ഥാടകയെ വിട്ടയച്ചതെന്ന് ജിദ്ദയിലെ ഈജിപ്ഷ്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. ഹാസിം റമദാന്‍ പറഞ്ഞു.
ഉംറ നിര്‍വഹിക്കുന്നതിനുള്ള വൃദ്ധയുടെ താല്‍പര്യം ചൂഷണം ചെയ്ത ഈജിപ്ഷ്യന്‍ മയക്കുമരുന്ന് വ്യാപാരി ഇവരറിയാതെ ഇവരുടെ ബാഗില്‍ 17,000 ലഹരി ഗുളികകള്‍ ഒളിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 20 നാണ് വൃദ്ധയെ മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് സൗദി അധികൃതര്‍ പ്രത്യേക പരിചരണം നല്‍കുകയും കസ്റ്റഡി സ്ഥലത്ത് സ്വന്തം മുറി അനുവദിക്കുകയും ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നതിന് സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.
ഉംറ നിര്‍വഹിക്കുന്നതിനും മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനും തീര്‍ഥാടകക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഈജിപ്ഷ്യന്‍ കോണ്‍സുലേറ്റ് ഒരുക്കും. ഈജിപ്ഷ്യന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ സൗദി സുരക്ഷാ വകുപ്പുകള്‍ വിശ്വസിക്കുകയും സഹകരിക്കുകയും ചെയ്തതാണ് തീര്‍ഥാടകയുടെ മോചനത്തിന് സഹായകമായത്. തീര്‍ഥാടകക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കുകയും ഈജിപ്ഷ്യന്‍ അധികൃതരുമായി പൂര്‍ണ തോതില്‍ സഹകരിക്കുകയും ചെയ്ത സൗദി അധികൃതരെ കോണ്‍സുല്‍ ജനറല്‍ ഡോ. ഹാസിം റമദാന്‍ പ്രശംസിച്ചു.