പന്ത്രണ്ട് പേരടങ്ങുന്ന രണ്ടു കുടുംബങ്ങൾ മൂന്നു ദിവസമായി വിമാനത്താവളത്തിൽ...
ഫൈനൽ എക്‌സിറ്റായതിനാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാനാകില്ല
ജിദ്ദ- ആഭ്യന്തര യാത്രക്കാരായി പോകേണ്ടവർ ഇന്റർനാഷണൽ യാത്രക്കാരായി യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്ന് പന്ത്രണ്ട് പേരടങ്ങുന്ന രണ്ട് മലയാളി കുടുംബങ്ങൾ മൂന്നു ദിവസമായി ജിദ്ദ സൗദിയ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇക്കഴിഞ്ഞ 28ന് രാത്രി 11.10ന് സൗദി എയർലൈൻസിന്റെ ജിദ്ദ-റിയാദ് ആഭ്യന്തര വിമാനത്തിലും തുടർന്ന് റിയാദിൽനിന്ന് 3.45ന് അന്താരാഷ്ട്ര വിമാനത്തിൽ കൊച്ചിയിലേക്കും പോകേണ്ട കുടുംബങ്ങളാണ് പുറത്തിറങ്ങാൻ കഴിയാതെ വിമാനത്താവളത്തിലകപ്പെട്ടത്. ഇന്നു രാവിലെ പത്തിനുള്ള വിമാനത്തിൽ ഇവർക്ക് കൊച്ചിയിലേക്ക് നേരിട്ട് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശി അബ്ദുറഹ്മാനും ഭാര്യ സജ്‌നയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബവും ചെമ്മാട് മൂന്നിയൂർ സ്വദേശി അബ്ദുൽ ഗഫൂർ മണക്കടവന്റെ ഭാര്യ ജസീറാ ബാനുവും നാലു കുട്ടികളുമാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങളിലെ പാളിച്ചകൊണ്ടാണ് യാത്ര മുടങ്ങിയത്. ഫൈനൽ എക്‌സിറ്റിൽ പോകുന്നവരായതിനാൽ എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ നിയമം അനുവദിക്കുന്നുമില്ല. ഇതാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കിയത്.
സൗദിയ ആഭ്യന്തര സർവീസ് വിമാനങ്ങൾക്കുള്ള കൗണ്ടറിലൂടെയായിരുന്നു ഇവർ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ ഇന്റർനാഷണൽ യാത്രക്കാർക്കുള്ള കൗണ്ടറിലൂടെ ബോർഡിംഗ് പാസ് എടുത്ത് എമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷമാണ് അബദ്ധം പിണഞ്ഞത് മനസിലായത്. വിമാനത്താവളത്തിലെ എയർലൈൻസ്, എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും ഇവരുടെ യാത്രാ രേഖകൾ പരിശോധിച്ച് കാര്യങ്ങൾ മനസിലാക്കാൻ കഴിയാതെ വന്നതും പ്രശ്‌നം ഗുരുതരമാക്കി. എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി തങ്ങളുടെ വിമാനത്തിനായി കാത്തിരിപ്പ് നടത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിക്കാതെ വന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെറ്റ് മനസിലായത്.
എയർലൈൻസ് അധികൃതർ നാട്ടിലേക്കുള്ള ഡയറക്ട് ടിക്കറ്റ് മാറ്റി നൽകാൻ തയാറായെങ്കിലും കൊച്ചിയിലേക്കുള്ള സർവീസുകളിലൊന്നിലും സീറ്റ് ഒഴിവില്ലാതെ വന്നതാണ് മൂന്നു ദിവസമായിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കാൻ കാരണമായത്. ഇന്നത്തോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ജിദ്ദയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന അബ്ദുൽ ഗഫൂർ പറഞ്ഞു. താൽക്കാലികമായി തങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങൾ വിമാനത്താവളത്തിനകത്ത് അധികൃതർ നൽകിയിരുന്നുവെങ്കിലും മൂന്നു ദിവസം പുറത്തിറങ്ങാനാവാതെ വിമാനത്താവളത്തിൽ കഴിയേണ്ടിവന്നത് കുട്ടികളെ ക്ഷിണിപ്പിച്ചുവെന്നും രോഗികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത് വർഷത്തിലേറെയായി ജിദ്ദയിലുള്ള അബ്ദുറഹ്മാനും കുടുംബവും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
യാത്ര പോകുന്നവർ പോകേണ്ട വിമാനവും ഏതുവഴിയാണ് പോകേണ്ടതെന്ന കാര്യങ്ങളും ശരിയായ രീതിയിൽ മനസിലാക്കാതെവരുന്നതാണ് ഇത്തരം പ്രശ്‌നങ്ങൾക്കു കാരണം. കണക്ഷൻ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഇത്തരം അബദ്ധങ്ങൾ കൂടുതലും പിണയാറുള്ളത്.