മുംബൈ- രാജ്യത്ത് മുസ്‌ലിംകളോട് മോശമായി പെരുമാറുന്നുവെന്നാരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ഞങ്ങൾ രാജ്യത്തോടൊപ്പമുണ്ട്. കശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തണം. ഞാൻ ഒരു ഇന്ത്യൻ മുസ്്‌ലിമാണ്. ചൈനീസ് മുസ്്‌ലിം അല്ല. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പിയുടെ മുതിർന്ന നേതാവായ ഛഗൻ ഭുജ്ബലിന്റെ 75ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ഗാനരചയിതാവ് ജാവേദ് അക്തർ, എൻ.സി.പി നേതാവ് അജിത് പവാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദൽഹിയിൽ നടന്ന ഒരു പരിപാടിയിൽ രണ്ട് ബി.ജെ.പി നേതാക്കൾ മുസ്്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. ഒരു സമുദായത്തെ ഒന്നടങ്കം ബഹിഷ്‌കരിക്കാനാണ് അവർ ആഹ്വാനം ചെയ്തത്. മോഡിയും അദ്ദേഹത്തിന്റെ പാർട്ടിയായ ബി.ജെ.പിയും എത്ര അപകടകരമാണ് എന്നതിന് തെളിവാണിത്. എല്ലാവരും വ്യത്യസ്തരായിരിക്കാം. എന്നാൽ നമുക്ക് ഒരുമിച്ച് ഈ രാജ്യം കെട്ടിപ്പടുക്കാം. അതിനെയാണ് സൗഹൃദം എന്ന് വിളിക്കുന്നത്. പരസ്പരം വെറുക്കാൻ മതങ്ങൾ ആളുകളെ പഠിപ്പിക്കുന്നില്ല. ഇത് ഹിന്ദുസ്ഥാൻ ആണ്. ഇത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.