Sorry, you need to enable JavaScript to visit this website.

'ഓപറേഷൻ തല്ലുമാല'യുമായി പോലീസ് വിദ്യാലയങ്ങളിലേക്ക്

നിയമലംഘനത്തിന് വിദ്യാർഥികളിൽ നിന്ന് മലപ്പുറം പോലീസ് പിടിച്ചെടുത്ത ഇരുചക്രവാഹനങ്ങൾ.

മലപ്പുറം- വിദ്യാലയങ്ങളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും ജില്ലയിൽ പോലീസ് 'ഓപറേഷൻ തല്ലുമാല'യുമായി രംഗത്ത്. 
ജില്ലാ പോലീസ് സൂപ്രണ്ട് സുർജിത് ദാസിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഓപറേഷന് തുടക്കമിട്ടത്. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം തടയൽ, വിദ്യാലയ പരിസരങ്ങൾ ലഹരി മുക്തമാക്കൽ, നിയമം ലംഘിച്ചുള്ള വിദ്യാർഥികളുടെ വാഹമോടിക്കൽ തടയൽ തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഇന്നലെ മുതൽ ജില്ലയിലെ കോളേജ്, സ്‌കൂൾ പരിസരങ്ങൾ പോലീസ് പരിശോധന ശക്തമാക്കിയത്. വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം ക്രമാതീതമായി വർധിക്കുകയും സംഘർഷങ്ങൾ ആവർത്തിക്കുകയും അപകടരമായ രീതിയിൽ വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഓപറേഷനുമായി പോലീസ് രംഗത്തിറങ്ങുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഓപറേഷന്റെ ആദ്യദിവസം തന്നെ ഇത്തരത്തിലുള്ള 200 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 5,39,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ വാഹനപരിശോധനയിൽ 205 വാഹനങ്ങൾ ഇന്നലെ പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച അഞ്ച് വിദ്യാർഥികളെ പിടികൂടി. ഇവരെ മുന്നറിയിപ്പ് നൽകി വിട്ടയച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 150 ഓളം വിദ്യാർഥികൾക്കെതിരെ കേസെടുത്തു. രക്ഷിതാക്കൾക്കെതിരെയും കേസുണ്ട്. ജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള ഹൈസ്‌കൂൾ തലം മുതൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളാണ് പിടിയിലായത്. വിദ്യാർഥികളിൽ നിയമലംഘനം തടയുന്നതിനും കുറ്റവാസന ഇല്ലാതാക്കുന്നതിനും ഓപറേഷന്റെ ഭാഗമായി പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
 

Latest News