Sorry, you need to enable JavaScript to visit this website.

യാത്രക്കാരൻ മരിച്ചു; കരിപ്പൂർ വിമാനം  മുംബൈയിലിറക്കി

ജിദ്ദ- ജിദ്ദയിൽനിന്ന് അബുദാബി വഴി കരിപ്പൂരിലേക്കുള്ള യാത്രക്കിടെ മലയാളി യാത്രക്കാരൻ മരിച്ചു. ഇതേത്തുടർന്ന് ഇത്തിഹാദ് എയർ വിമാനം മുംബൈയിൽ ഇറക്കി. പുല്ലൂക്കരയിലെ പൗരപ്രമുഖനും മക്ക കാക്കിയയിൽ ഹിറ സ്റ്റോർ നടത്തിപ്പുകാരനുമായ കാരപ്പൊയിൽ റോഡിലെ കാട്ടിൽ അബു ഹാജി (73) ആണ് മരിച്ചത്. 
അബു ഹാജി മരിക്കും നേരം വിമാനം മുംബൈ വിമാനത്താവളത്തിന്റെ പരിധിയിലായിരുന്നു. പൈലറ്റ് ഉടൻ മുംബൈ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ദീർഘകാലമായി മക്കയിലുള്ള അബു ഹാജി കോടിയേരി സി.എച്ച് സെന്റർ അംഗമാണ്. ചികിത്സാർഥം നാട്ടിലേക്കു പോവുകയായിരുന്നു. ഭാര്യമാർ: മറിയം, നഫീസ. മക്കൾ: സലീം, ആരിഫ, നദീറ, ഖാദർ.
മരുമക്കൾ: റഹ്മത്ത് (മാക്കൂൽ പീടിക), പറമ്പത്ത് മുസ്തഫ (പെരിങ്ങത്തൂർ), തോക്കോട്ടിൽ അസീസ് (പെരിങ്ങത്തൂർ), റമീസ. ഖബറടക്കം ഇന്ന് രാവിലെ 11.30ന് പുല്ലൂക്കര പാറാൽ ജുമുഅത്ത് പളളി ഖബർസ്ഥാനിൽ.
ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് കരിപ്പൂരിലെത്തി 4.40 ന് തിരിച്ച് അബുദാബിയിലേക്ക് പോകേണ്ട വിമാനമാണ് മുംബൈയിലിറക്കിയത്. വിമാനം അനിശ്ചിതമായി മുംബൈയിൽ നിർത്തിയതോടെ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിയുകയും കരിപ്പൂരിലേക്കുളള യാത്ര വൈകുകയും ചെയ്തു. പിന്നീട് പുതിയ പൈലറ്റെത്തിയാണ് വിമാനം ഉച്ചക്ക് 12.30ന് കരിപ്പൂരിലെത്തിച്ചത്. ഈ വിമാനത്തിൽ അബുദാബിയിലേക്ക് പോകാനായി 137 യാത്രക്കാർ കരിപ്പൂരിലുണ്ടായിരുന്നു. വിമാനത്തിന്റെ തിരിച്ചുപോക്ക് വീണ്ടും പൈലറ്റില്ലാത്തതിനാൽ മുടങ്ങി. തുടർന്ന് യാത്രക്കാരിൽ 8 പേരെ മറ്റു വിമാനത്തിൽ യാത്രയാക്കി ശേഷിച്ചവരെ ഹോട്ടലിലേക്ക് മാറ്റി. പുതിയ പൈലറ്റിനെ എത്തിച്ച് വിമാനം ചൊവ്വാഴ്ച പുലർച്ചെ 2.20ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Latest News