Sorry, you need to enable JavaScript to visit this website.

കതുവ: കോഴിക്കോട്ട് ആയിരങ്ങളുടെ എസ്.ഡി.പി.ഐ റാലി

കതുവ സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കോഴിക്കോട്ട് നടത്തിയ റാലി.

കോഴിക്കോട് - കതുവ സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ എസ്.ഡി.പി.ഐയുടെ റാലി. 'പൈശാചികതയാണ് ആർ.എസ്.എസ്-ബി.ജെ.പി, ഭീകരതക്കെതിരെ തെരുവിലിറങ്ങുക' എന്ന മുദ്രാവാക്യവുമായി നടത്തിയ റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. റാലിക്കും സമ്മേളനത്തിനും പോലിസ് ആദ്യം അനുമതി നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് നൽകുകയായിരുന്നു. അനുമതി നൽകിയില്ലെങ്കിലും മുമ്പ് മാറ്റിവെച്ച റാലി തങ്ങൾ നടത്തുമെന്ന് എസ്.ഡി.പി.ഐ നേതൃത്വം പോലീസ് കമ്മീഷണറെ അറിയിച്ചിരുന്നു. തുടർന്ന് റാലി തുടങ്ങാൻ മണിക്കൂറുകൾ മാത്രമുള്ള സമയത്താണ് അനുമതി നൽകിയത്.
കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിൽനിന്നും ആരംഭിച്ച റാലിക്ക് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറൽ സെക്രട്ടറി നജീബ് അത്തോളി, ജില്ലാ സെക്രട്ടറി സലീം കാരാടി നേതൃത്വം നൽകി.
രാജ്യത്തിന്റെ സകല വെളിച്ചവും ഊതിക്കെടുത്തുന്ന സംഘപരിവാര ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കുന്നു എന്നതാണ് എസ്.ഡി.പി.ഐക്കെതിരെ ഭരണകൂടം കാണുന്ന കുറ്റമെങ്കിൽ, ആ കുറ്റം തുടരുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ റാലിക്ക് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇന്ത്യയിൽ സംഘപരിവാരത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ തന്നെയാണ് കേരളത്തിലുമുള്ളത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും വിമർശിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയാണ് പിണറായി സർക്കാർ. ദൽഹിയിലെ മോഡിയല്ല, കേരളത്തിലെ മുണ്ടുടുത്ത മോഡിയാണ് സംഘപരിവാര വിമർശകർക്കെതിരെ ഭീകര വകുപ്പുകൾ പ്രകരം കേസ് എടുക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പീഢനത്തിനിരയായ കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചവർക്കെതിരെ പോക്‌സോ ചുമത്തുന്നു. അതേസമയം, ഫെയ്‌സ്ബുക്കിൽ കുട്ടിയുടെ ഫോട്ടോയും പേരും പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിക്കെതിരെ നടപടിയില്ല. 'പെൺകുട്ടി കൊല്ലപ്പെട്ടതു നന്നായി അല്ലെങ്കിൽ മനുഷ്യ ബോംബായി നമുക്കെതിരെ വരുമായിരുന്നു' എന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട ആർ.എസ്.എസ് നേതാവിന്റെ മകനെതിരെയും ഒരു നടപടിയുമില്ല. സംഘപരിവാര സംഘങ്ങൾ ചേർന്ന് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പേര് പറയുന്നതാണ്, അവർ ചെയ്ത കുറ്റകൃത്യത്തേക്കാൾ വലുത് എന്നാണ് സർക്കാറിന്റെ നിലപാട്. കുട്ടിയുടെ പേര് അസ്വസ്ഥമാക്കുന്നത് ഇന്ത്യയിലെ ആർ.എസ്.എസ് -ബി.ജെ.പി നേതൃത്വത്തെയാണ്. ഇതേ നിലപാട് കേരളത്തിലും സ്വീകരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. കൊല്ലപ്പെട്ട പെൺകുട്ടി ഇന്ത്യയിലെ സംഘപരിവാര ഫാഷിസത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകങ്ങളിലെ ആദ്യ പേരുകാരിയായി ചരിത്രം രേഖപ്പെടുത്തും. ഒരു കിരാത നിയമത്തിനും അത് തടയാനാവില്ല. ആർ.എസ്.എസ് ബി.ജെ.പി ഫാഷിസത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് തകർക്കാനാണ് പിണറായി സർക്കാറിന്റെ നീക്കമെങ്കിൽ, ആ നീക്കത്തെ ഭരണഘടനാ അവകാശങ്ങൾ മുൻനിർത്തി നേരിടുകതന്നെ ചെയ്യുമെന്ന് അജ്മൽ ഇസ്മായീൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറൽ സെക്രട്ടറി നജീബ് അത്തോളി, ജില്ലാ സെക്രട്ടറി സലീം കാരാടി സംസാരിച്ചു.

Latest News