തൃശൂര്‍- തട്ടിപ്പ് കേസില്‍ യുവതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസംതോറും 6000 രൂപ തരാമെന്നും ഒരു കോടി രൂപ കൊടുത്താല്‍ മാസം തോറും 10 ലക്ഷം രൂപയും 6 മാസം കഴിഞ്ഞ് 1 കോടി രൂപയും തിരിച്ചു നല്‍കാമെന്നും പറഞ്ഞു തട്ടിപ്പ് നടത്തിയ കേസിലാണ് യുവതി അറസ്റ്റിലായത്. പുത്തന്‍ച്ചിറ കുരിയപ്പിള്ളി വീട്ടില്‍ സലിഹ (35) ആണ് അറസ്റ്റിലായത്. എസ് എം സി ഇന്‍വെസ്റ്റ്മെന്റ് സോലൂഷന്‍ ആന്റ് സര്‍വീസ് എന്ന സ്ഥാപനത്തിന്റെ കോണത്ത്കുന്ന് ബ്രാഞ്ചിലെ നടത്തിപ്പുക്കാരിയാണ്. ഈ സ്ഥാപനം വഴിയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പൊറത്തിശ്ശേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷാജന്, എസ്.ഐ പ്രസന്നകുമാര്‍, സീനിയര്‍ സി.പി.ഒമാരായ സ്വപ്ന, സൂരജ്, മെഹറുന്നിസ, ജിഷ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.