കോട്ടയം - നരബലിയുടെ ഭാഗമായി ഇലന്തൂരില്‍ കൊല്ലപ്പെട്ട രണ്ടു സ്ത്രികളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാളെ പൂര്‍ത്തിയായേക്കും. അതിനു ശേഷം ഡി.എന്‍.എ പരിശോധനയും നടക്കും. അതിനു ശേഷമേ ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടുനല്‍കൂ. കൊല്ലപ്പെട്ട പത്മയുടെയും റോസിലിയുടെയും ആദ്യ ദിവസത്തെ പോസ്റ്റുമോര്‍ട്ട നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വൈകുന്നേരം ആറുമണിയോടെ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ട നടപടികള്‍ വീണ്ടും പുനരരാംഭിക്കും. മൃതദേഹങ്ങളുടെ പഴക്കമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ സങ്കീര്‍ണമാക്കുന്നത്. റോസിലിയുടെ അസ്ഥികളും എല്ലുകളും അഴുകിയ നിലയിലാണ് പോസ്റ്റുമോര്‍ട്ടത്തിനായി ലഭിച്ചത്. പത്മയുടെ ജഡം കമ്മലും മുടിയും കണ്ടാണ് തിരിച്ചറിഞ്ഞതെന്നു മെഡിക്കല്‍ കോളേജില്‍ എത്തിയ ഇളയ സഹോദരി പഴനിയമ്മ പറഞ്ഞു.
പോലീസ് ഫോറന്‍സിക്ക് സര്‍ജന്‍മാരോട് ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്തരികാവയവങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദമായ വിവരവും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഇലന്തൂരില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയ ശേഷം പോലീസിന്റെ നേതൃത്വത്തില്‍ അവ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ രാത്രി തന്നെ എത്തിച്ചിരുന്നു. പ്രത്യേക ബോക്‌സുകളിലാക്കിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ എത്തിച്ചത്. ശരീരഭാഗങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ വലിയ ദുര്‍ഗന്ധമാണ്. തിരുവനന്തപുരത്തെ ലാബിലായിരിക്കും ഡി.എന്‍.എ പരിശോധന നടക്കുക.