Sorry, you need to enable JavaScript to visit this website.

ബേപ്പൂരില്‍ ടിപ്പുവിന്റെ കോട്ടയിലെ നിധിയും പാമ്പും; പ്രചരിക്കുന്നത് വ്യാജ വീഡിയോ

കോഴിക്കോട്- ടിപ്പു സുല്‍ത്താന്റെ കോട്ടയില്‍നിന്ന് നിധി ലഭിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് വ്യാജ വീഡിയോ. ടിപ്പുവിന്റെ കോട്ട, ബേപ്പൂരില്‍നിന്ന് കഴിഞ്ഞ ദിവസം കണ്ടു കിട്ടിയ നിധി, കണ്‍ നിറയെ കണ്ടോളി.'
എന്ന തലക്കെട്ടിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കുഴിയില്‍നിന്നു പുരാതന പാത്രം പുറത്തെടുക്കുന്നതോടെയാണ് ദൃശ്യങ്ങളുടെ തുടക്കം. ഇതിന്റെ അടപ്പ് തുറന്ന ശേഷം സ്വര്‍ണാഭരണവും അതിന് മുകളിലായി ഒരു പാമ്പിനെയും ചത്ത തവളയെയും കാണാം.
മൂന്ന് മിനുട്ടോളം ദൈര്‍ഘ്യമുള്ള  വീഡിയോ ടിപ്പുവിന്റെ നിധി കിട്ടി എന്ന വാദത്തോടെ ട്വിറ്ററിലും ഫേസ്ബുക്കിലും യൂട്യുബിലും പ്രചരിക്കുന്നുണ്ട്.
ആര്‍ക്കിയോളജിസ്റ്റ് എന്ന ടര്‍ക്കിഷ് യൂട്യൂബ് ചാനലില്‍ 2022 ജൂലൈ 18ന് അപ് ലോഡ് ചെയ്ത വീഡിയോ ആണ് കോഴിക്കോട് ബേപ്പൂരിലേതെന്ന പേരില്‍ പ്രചരിക്കുന്നത്.  തുര്‍ക്കി പൗരനായ ഹസിനെ അവിജിസിന്റേതാണ് ഈ യുട്യൂബ് ചാനല്‍. ട്രഷര്‍ ഹണ്ടിങ്ങുമായി ബന്ധപ്പെട്ട വീഡിയോകളാണ് ചാനലിലുള്ളത്.  ഇതേ വീഡിയോ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ബേപ്പൂരില്‍ ടിപ്പു സുല്‍ത്താന്‍ കോട്ട നിര്‍മ്മിച്ചിട്ടില്ല. മൈസൂര്‍ ഭരണാധികാരികളായിരുന്ന ടിപ്പുവും അദ്ദേഹത്തിന്റെ പിതാവായ ഹൈദര്‍ അലിയും കേരളത്തില്‍ രണ്ടു കോട്ടകളാണ് സ്ഥാപിച്ചത്. ഹൈദര്‍ അലി നിര്‍മ്മിച്ച പ്രശസ്തമായ പാലക്കാട് കോട്ടയും മലബാറിലെ പടയോട്ട കാലത്ത് ടിപ്പു കോഴിക്കോട് ഫറോക്കില്‍ നിര്‍മിച്ച ഫറോക്കാബാദ് കോട്ടയുമാണ് ഇവ.

 

Latest News