റിയാദ് - സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും ഇന്നു മുതൽ ബുധനാഴ്ച വരെ മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. നജ്‌റാൻ, ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയുടെ ഭാഗങ്ങളിലും ഇന്നു മുതൽ ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെ മഴക്കു സാധ്യതയുണ്ട്. ഹായിൽ, അൽഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, തബൂക്ക്, ഉത്തര അതിർത്തി പ്രവിശ്യ അൽജൗഫ് എന്നീ പ്രവിശ്യകളിലും മഴക്കു സാധ്യതയുണ്ട്. അൽജൗഫ്, ഉത്തര അതിർത്തി പ്രവിശ്യ, ഹായിൽ, അൽഖസീം, കിഴക്കൻ പ്രവിശ്യ, റിയാദ് പ്രവിശ്യകളിൽ മഴക്കു മുന്നോടിയായി ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന, തബൂക്ക് പ്രവിശ്യകളിലെ ഹൈറേഞ്ചുകളിൽ വെള്ളി, ശനി ദിവസങ്ങളിലും മഴ പെയ്‌തേക്കും.