തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കറിനെ ഉപയോഗിച്ച് കോണ്‍സുലേറ്റിലെ അറബിക്ക് ചെയ്തുകൊടുത്ത സേവനങ്ങള്‍ വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.
ശിവശങ്കര്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ നടത്തിയെടുത്തത് പോലെ കോണ്‍സുലേറ്റിലെ അറബി ചില ഫേവറുകള്‍ തിരിച്ചും ആവശ്യപ്പെട്ട് തുടങ്ങിയിരുന്നുവെന്ന് 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയില്‍ സ്വപ്‌ന സുരേഷ് പറയുന്നു.
ഒരു നയതന്ത്ര ഉദ്യോഗസ്ഥന് ലഭിക്കാന്‍ സാധ്യതയില്ലാത്ത എക്‌സ് കാറ്റഗറി സുരക്ഷ ശിവശങ്കറിനെ ഉപയോഗിച്ച് അറബിക്ക് നേടിക്കൊടുത്തുവെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു. കേരളത്തില്‍ അറബിക്ക് ഇത് സാധ്യമാക്കി കൊടുത്തപ്പോള്‍ വിദേശത്ത് പ്രത്യേകിച്ച് ഗള്‍ഫില്‍ പോകുമ്പോള്‍ ഇത്തരം സഹായങ്ങള്‍ തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നും മനസ്സിലായി.
കോണ്‍സുലേറ്റിലെ അനധികൃത പ്രവര്‍ത്തികളെക്കുറിച്ച് പറഞ്ഞപ്പോള്‍ ശിവശങ്കറിന് ഒരു ഉത്കണ്ഠയുമുണ്ടായില്ലെന്നും കൂടുതല്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമെന്നും സ്വപ്ന പറയുന്നു.
ഗ്രീന്‍ ചാനല്‍ ദുരുപയോഗം ചെയ്ത കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ചെയ്തുകൊടുക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. ഇതേ കോണ്‍സുലേറ്റിനേയും ഗ്രീന്‍ ചാനലിനേയും തങ്ങളുടെ ഡീല്‍ നടത്തുന്നതിന് ഉപയോഗിച്ചു. സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചതിനെക്കുറിച്ചും മറ്റ് നിയമനങ്ങളെക്കുറിച്ചും സ്വപ്ന വിവരിക്കുന്നുണ്ട്.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ചിലന്തിവല ഒരു കെണിയാണെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും സ്വപ്ന പറയുന്നു. ഐടി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ശിവശങ്കറിന്റെ നിയന്ത്രണത്തിലൂടെയാണ്. കോണ്‍സുലേറ്റിനെ ഇക്കാര്യത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ശിവശങ്കറിന്റെ നീക്കങ്ങള്‍. ഐടി വകുപ്പിലെ പദ്ധതികളില്‍ ഗള്‍ഫ് മേഖലയുമായി ബന്ധപ്പെട്ട ഒരുപാട് കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു.
ശിവശങ്കറുമായുള്ള അടുപ്പം വൈകാരികമായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് പറയുന്നു. കോണ്‍സുലേറ്റ് വഴിയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശിവശങ്കര്‍ തന്നെ ഉപയോഗിക്കുകുയായിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് രൂപമെടുത്ത ചതിയുടെ ഒരു ചിലന്തിവലയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒന്‍പതാം അധ്യായത്തിലാണ് ചതിക്കപ്പെട്ടുവെന്ന സ്വപ്‌നയുടെ അവകാശവാദം.
താനിക്ക് സമാന്തരമായി ജയശങ്കര്‍, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കര്‍ ബന്ധമുണ്ടാക്കിയെടുത്തു. തന്നേയും മോളേയും കൊല്ലാന്‍ ശ്രമിച്ച ജയശങ്കറിനേയും ശിവശങ്കര്‍ ഒപ്പം നിര്‍ത്തി. അവനെ കളയരുത്, ഇനി ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും നല്‍കി.