Sorry, you need to enable JavaScript to visit this website.

എല്‍ദോസ് കുന്നപ്പള്ളിക്ക് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തി; രണ്ടു പേരെ പ്രതിചേർത്തു

തിരുവനന്തപുരം- എൽദോസ് കുന്നപ്പള്ളിക്കെതിരായ പീഡനക്കേസിൽ രണ്ട് പേരെ കൂടി പ്രതി ചേർത്തു. എംഎൽഎക് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികളിൽ ഒരാൾ റനിഷ എന്ന സ്ത്രീയാണ്. രണ്ടാമത്തെയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. ഇരുവരും ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്.

സുഹൃത്തായ യുവതിയുടെ പരാതിയിലാണ് എൽദോസ് കുന്നപ്പള്ളിക്കെതിരെ കേസ്. എം.എൽ.എ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതി മജിസ്ട്രേറ്റിന് മൊഴി നൽകി. ഒന്നര വർഷത്തിലേറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നീട് മറ്റ് ബന്ധങ്ങളിലേക്ക് മാറി. ശാരീരിക പീഡനം തുടർന്നതോടെ ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിനിടെ കഴിഞ്ഞ മാസം 14ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ബലമായി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്‍റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചു വെന്ന് മൊഴിയിൽ പറയുന്നു.

മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ യുവതി കുഴഞ്ഞു വീണു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കോവളം പോലീസിനെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. എംഎൽഎ തന്നെയും കൊണ്ട് കോവളം എസ്എച്ച്ഒക്ക് മുന്നിലെത്തിയെന്നും കേസ് ഒത്തുതീർപ്പായെന്ന് അറിയിച്ചതായും മൊഴിയിലുണ്ട്. ഇത് രേഖാമൂലം എഴുതി നൽകാൻ എസ്എച്ച്ഒ ആവശ്യപ്പെട്ടു. എസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ പണത്തിനായി എംഎൽഎ ബ്ലാക്ക് മെയിൽ ചെയ്തതായും ആരോപണമുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ മനപ്പൂർവ്വം കാലതാമസം ഉണ്ടായെന്നും യുവതി പറയുന്നു. സമ്മർദ്ദം സഹിക്കവയ്യാതെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് പോയതെന്നും യുവതി പറഞ്ഞു. പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം കോവളം പോലീസ് തള്ളി.

Latest News