ദമാം- പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയുടെ നാട്ടിലുള്ള ഐ.ഡി.ബി.ഐ ബാങ്ക് എൻ.ആർ.ഐ അക്കൗണ്ട് ഹാക്ക് ചെയ്തു പണം കവർന്നു. രണ്ടു ദിവസം മുൻപാണ് നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ ഹാക്കർമാർ ഇദ്ദേഹത്തിന്റെ ഡെബിറ്റ് കാർഡിൽ നിന്നും പണം വലിച്ചത്. യു.കെയിലെ ഒരു സ്ഥാപനത്തിൽ നിന്നും 52000 ഇന്ത്യൻ രൂപക്ക് തുല്യമായ പർച്ചേസിംഗ് ആണ് നടത്തിയിട്ടുള്ളത്. തന്റെ നാട്ടിലുള്ള അക്കൗണ്ട് ആയതിനാൽ അതിൽ നൽകിയിരുന്നത് ഇന്ത്യയിലെ മൊബൈൽ നമ്പർ ആയിരുന്നെന്നും രണ്ടു ദിവസമായി അത് പ്രവർത്തനരഹിതമായിരുന്നെന്നും പിന്നീട് മൊബൈൽ തുറന്നാപ്പോഴാണു പണം പിൻവലിച്ചതായി കണ്ടതെന്നും ഇദ്ദേഹം പറയുന്നു. പണം വലിക്കുന്നതിന് മുൻപ് രണ്ടു തവണ ഒ.ടി.പി നമ്പർ ആവശ്യപ്പെട്ട് സന്ദേശം വന്നതായും ഇദ്ദേഹം വെളിപ്പെടുത്തി. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം തന്നെ അക്കൗണ്ട് മരവിപ്പിച്ചതിനാൽ കൂടുതൽ പണം നഷ്ടമായില്ല. ഇത് സംബന്ധിച്ച് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ട്രാൻസാക്ഷൻ ഡിസ്പ്യുട്ട് ഫോമിൽ പരാതി നൽകണമെന്നും അതിനു ശേഷം അറിയിക്കാം എന്ന മറുപടിയുമാണ് ലഭിച്ചത്.
ഇതിനു സമാനമായ സംഭവങ്ങൾ വേറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരു മാസം മുൻപാണ് തിരുവനന്തപുരം സ്വദേശിയുടെ ലക്ഷങ്ങൾ നഷ്ടമായത്. ഒരു ദിവസം തന്നെ അഞ്ചു തവണ ഒ.ടി.പി നമ്പർ ആവശ്യപ്പെട്ടു. ബാങ്കിൽ നിന്നാണെന്നും വെരിഫിക്കേഷൻ നടത്തുകയാണെന്നും അറിയിച്ചതനുസരിച്ച് ഓരോ തവണയും തുടരെ തുടരെ വന്ന നമ്പറുകൾ അറിയിക്കുകയും ചെയ്തതോടെയാണ് പണം അക്കൗണ്ടിൽ നിന്നും വലിച്ചത്. പണം പിൻവലിച്ച സന്ദേശങ്ങൾ ശ്രദ്ധിക്കാതെ വീണ്ടും നമ്പർ നൽകിയതിലൂടെയാണ് അബദ്ധം പിണഞ്ഞത്. ഇത് പോലെ പണം നഷ്ടമായവരിൽ മറ്റു മലയാളികളും ഉൾപ്പെടുന്നതായാണ് അന്വേഷണത്തിൽ നിന്നും മനസ്സിലായത്. പലരും മാനക്കേട് കൊണ്ട് പുറത്തു പറയാൻ മടിക്കുകയാണ്. ഇന്റർനാഷണൽ പർച്ചേസിന് പലപ്പോഴും പിൻകോഡ് ആവശ്യമില്ലാത്തതും ഹാക്കർമാർക്ക് കാര്യങ്ങൾ കൂടുതർ എളുപ്പമാകുന്നു.
എന്നാൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കേണ്ടത് അതാതു ബാങ്കുകൾ ആണെന്നിരിക്കേ പല ബാങ്കുകളും ഇത്തരം കാര്യങ്ങളിൽ അലംഭാവം തുടരുന്നതായാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. വിവിധ രാജ്യങ്ങളിലെ പ്രമുഖ ബാങ്കുകൾ എല്ലാം സന്ദേശങ്ങൾ വഴി മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ഹാക്കർമാർ തട്ടിപ്പിന്റെ നൂതന മാർഗങ്ങൾ തേടുകയാണ്. അതാതു രാജ്യത്തെ ബാങ്കുകളിൽ അക്കൗണ്ടിനൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ തന്നെ നിർബന്ധമായും നൽകണമെന്നും ബാങ്കുകളുടെ പേരിലോ മറ്റു സ്വകാര്യമായ സന്ദേശങ്ങൾ വരുമ്പോൾ ഒ.ടി.പി നമ്പർ നൽകരുതെന്നും ഇത്തരം സന്ദേശങ്ങളെ ബാങ്കുകളിൽ നേരിട്ട് അറിയിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സ്വന്തമായി സാമ്പത്തിക വിനിമയം നടത്തുമ്പോൾ കംപ്യൂട്ടർ, സ്മാർട്ട് ഫോണുകൾ എന്നിവ ആന്റി വൈറസ് സോഫ്റ്റ്‌വെയർ മുഖേന സുരക്ഷ ഉറപ്പാക്കണമെന്നും ഇത്തരം ചതിയിൽ പെടാതിരിക്കാൻ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാമ്പത്തിക വിദഗ്ധൻ ആൽബിൻ ജോസഫ് അഭിപ്രായപ്പെട്ടു.