ജ്യൂസില്‍ ലഹരി; കാഞ്ഞങ്ങാട്ട് കട ജീവനക്കാരന്‍ അറസ്റ്റില്‍കാഞ്ഞങ്ങാട്- ജ്യൂസില്‍ ലഹരി ഉല്‍പന്നങ്ങള്‍ കലര്‍ത്തി വില്‍പ്പന നടത്തിയ കടയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. മിനാപ്പീസിലാണ് കച്ചവടം വര്‍ധിപ്പിക്കാനായി കൂള്‍ എന്ന പാന്‍ ഉല്‍പ്പന്നം ചേര്‍ത്ത ജ്യൂസ് വില്‍പ്പന നടത്തുന്നത്. ഹാരിസ് ബീച്ച് സ്റ്റോറിലെ ജീവനക്കാരന്‍ മീനാപ്പീസ് സഫീര്‍ മാന്‍സിലിലെ അബ്ദുല്‍ സത്താറിനെ (48) യാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കടയില്‍ പതിവായി വിദ്യാര്‍ഥികള്‍ കൂട്ടത്തോടെയെത്തുന്നതില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ വിവരം പോലീസിന് രഹസ്യമായി കൈമാറുകയായിരുന്നു. ദൂരസ്ഥലങ്ങളില്‍നിന്നുപോലും വിദ്യാര്‍ഥികളടക്കമുള്ള ആളുകള്‍ കടയിലെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. രാത്രി കാലത്താണ് കടയില്‍ ജ്യൂസിനായി കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. പരിശോധനയില്‍ ജീവനക്കാരില്‍നിന്നു ലഹരി ഉല്‍പ്പന്നമായ കൂള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഹാരിസാണ് കടയുടമ. ഉടമയെയും പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. കട താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.