Sorry, you need to enable JavaScript to visit this website.

മഹാരാജാവാണ്, അടുത്ത ജന്മത്തിൽ മുഖ്യമന്ത്രിയുടെ മകനായി ജനിക്കണം' പരിഹസിച്ച് അഡ്വ. എ ജയശങ്കർ

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള വിദേശ യാത്രയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. യാത്ര സർക്കാർ ചെലവിലെന്ന് പ്രതിപക്ഷവും പാർട്ടി ചെലവിലെന്ന് സി.പി.എമ്മും ന്യായീകരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഇരുകൂട്ടർക്കുമായി കയ്യടി ഉയരവെയാണ് ജയശങ്കറിന്റെ ട്രോൾ.
 പരിഹാസം ഇങ്ങനെ: പ്രാഥമിക വിദ്യാഭ്യാസം ഫിൻലാൻഡിൽ നിന്ന് പഠിക്കാനാണ് സഖാവ് ശിവൻകുട്ടിയുടെ ശ്രമം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, ഭാര്യയെ കൊണ്ടുപോകുന്നു, മകളും പേരക്കുട്ടിയുമെല്ലാം കൂട്ടിനുണ്ട്. അവർക്ക് വായിൽ വെച്ചാൽ കൊള്ളുന്ന ഭക്ഷണമുണ്ടാക്കി കൊടുക്കാൻ ലണ്ടനിൽ ആരാണുളളത്. അപ്പോ അവരുടെ വീട്ടിലെ സർക്കാർ കുശിനിക്കാരനെ കൊണ്ടുപോകുന്നതിൽ എന്താണ് തെറ്റ്? എന്തിന് കുറക്കുന്നു.
 പിണറായി, കേരള മുഖ്യമന്ത്രി മാത്രമല്ലല്ലോ. മഹാരാജാവാണ്. മഹാരാജാവ് എഴുന്നളളുമ്പോൾ അദ്ദേഹത്തിന്റെ അമൃതത്തിന് രുചികരമായ വിഭവങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് എന്റെയും നിങ്ങളുടേയും ഉത്തരവാദിത്തമാണ്. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ആഗ്രഹിക്കുന്ന രീതിയിലുളള ഭക്ഷണം അവിടെ കിട്ടിയില്ലെങ്കിൽ അവിടെ വല്ല സായിപ്പും മദാമ്മയും ഉണ്ടാക്കുന്ന ഭക്ഷണം ആണെങ്കിൽ പുളളിക്ക് വായിക്ക് രുചി ഉണ്ടാകില്ല. അതാകട്ടെ നമ്മുടെ സംസ്ഥാന ഭരണത്തെ ബാധിക്കും. കേരളത്തിലെ ക്രമസമാധാന നിലയെ വരെ ബാധിക്കും. അതുകൊണ്ട് അതിലൊന്നും നമുക്ക് തെറ്റ് പറയാൻ കഴിയില്ല.
 മുഖ്യമന്ത്രി പോകുമ്പോൾ ഭാര്യയേയും മകളേയും കൊണ്ട് പോകുന്നു. അപ്പോൾ കുട്ടിയെ ഇവിടെ ഇട്ടിട്ട് പോകാൻ കഴിയുമോ. അങ്ങനെ വന്നാൽ മകളെയും പേരക്കുട്ടിയെയും അവഗണിച്ചുവെന്നാകും വാർത്ത. ഈ രാജ്യങ്ങളൊക്കെ കാണുന്നത് നല്ലതല്ലേ. എനിക്കോ നിങ്ങൾക്കോ ഈ പ്രായത്തിൽ നോർവേ കാണാനുളള യോഗവും ഭാഗ്യവും ഉണ്ടായില്ല. ഭൂമിശാസ്ത്ര പുസ്തകത്തിലും അറ്റ്‌ലസിലുമൊക്കെ നോർവേയെ കണ്ടതേ ഉളളൂ. അതിനാൽ യാത്രയൊക്കെ ഒരു ഭാഗ്യമല്ലേ. അതൊക്കെ കണ്ട് അസൂയപ്പെട്ടിട്ട് എന്താണ് കാര്യം. അടുത്ത ജന്മത്തിലെങ്കിലും പിണറായി വിജയന്റെ മകളുടെ കുട്ടിയായി ജനിക്കാൻ പ്രാർത്ഥിക്കാം.
 കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രി ഇദ്ദേഹത്തെ പോലെ 35 വാഹനങ്ങളുടെ അകമ്പടിയോടെ പോകുന്നത് കണ്ടിട്ടുണ്ടോ. കരുണാകരൻ പോകുമ്പോൾ മുന്നിൽ പൈലറ്റും പിന്നിൽ എസ്‌കോർട്ടും ഉണ്ടായിരുന്നു. അന്ന് സി.പി.എമ്മുകാർ എന്തൊക്കെ കുറ്റം പറഞ്ഞു. ഇന്ന് കാലം മാറിയില്ലേയെന്നും അഡ്വ. ജയശങ്കർ ചോദിച്ചു.

Latest News