കണ്ണൂര്‍-അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചരമ വാര്‍ത്തയ്ക്ക് താഴെ വിദ്വേഷ പരാമര്‍ശം നടത്തിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ഗിരിജയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപികക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിയാണ് ഗിരിജ.
കോടിയേരി ബാലകൃഷ്ണന്റെ മൃതശരീരം ഞായറാഴ്ച തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് ലൈവ് ന്യൂസിന് താഴെ അധ്യാപിക വിദ്വേഷ പരാമര്‍ശം നടത്തിയത്. കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിയാണെന്ന് വ്യക്തമായതോടെ കോടിയേരിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ഇവര്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകന്‍ ജിജോ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഐപിസി 153 പ്രകാരം കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഗിരിജയ്‌ക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. നിലവില്‍ ഗിരിജ താമസിക്കുന്നത് കോഴിക്കോട് ജില്ലയിലെ എടച്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് എന്നതിനാല്‍ കേസ് അങ്ങോട്ടേക്ക് മാറ്റി. എന്നാല്‍ സി.പി.എം ഇപ്പോഴും രാഷ്ട്രീയ പക പോക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം