തിരുവനന്തപുരം- കടവന്ത്ര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്മം എന്ന സ്ത്രീയെ കാണാതായതു സംബന്ധിച്ച അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന നരബലി പുറത്തുകൊണ്ടുവന്നതെന്ന് ദക്ഷിണമേഖല ഐ.ജി പി പ്രകാശ് പറഞ്ഞു. ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നുരുന്നി സ്വദേശി പത്മത്തെ സെപ്റ്റംബര്‍ 26 നാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടി സ്വദേശി റോസ്‌ലിയെയും കാണാതായതായി കണ്ടെത്തിയത്.
എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ശിഹാബ് എന്ന റാഷിദാണ് ഇവരെ പത്തനംതിട്ടയിലെത്തിച്ചത്. ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. തിരുവല്ലക്കാരായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് നരബലി നടത്തിയത്. ഭഗവല്‍ സിങ് ആഭിചാരകര്‍മ്മങ്ങള്‍ നടത്തി വരുന്നയാളാണെന്നും പോലീസ് പറഞ്ഞു. ഇവരെ കുഴിച്ചിട്ട സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.
അസാധാരണവും ഭീതിജനകവുമായ കൊലപാതകമാണ് നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. അതിക്രൂരമായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പൂജയുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയശേഷം മാത്രമേ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകൂ. എങ്ങനെയാണ് കൊലപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്. ഇപ്പോള്‍ പ്രാഥമികമായ വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്തായാലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇതിനു പിന്നിലെന്നാണ് വ്യക്തമാകുന്നതെന്നും ഐ.ജി പ്രകാശ് പറഞ്ഞു.
ചിറ്റൂര്‍ റോഡില്‍ രാത്രി ലോട്ടറിക്കച്ചവടം നടത്തുന്നതിനിടെ പൊന്നുരുന്നി സ്വദേശി പത്മത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. കാലടി മലയാറ്റൂര്‍ സ്വദേശിനി റോസ് ലിയെ (50) ജൂണ്‍ മാസത്തിലാണ് കാണാതായത്.
ഭവവല്‍ സിങ് തിരുമ്മു ചികിത്സ നടത്തി വന്നിരുന്നു. പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപമാണ് കഷണങ്ങളാക്കിയ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.