തിരുവനന്തപുരം- എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ചെന്നും ശാരീരികോപദ്രവം ഏല്‍പിച്ചുവെന്നും സുഹൃത്തായ യുവതി മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കി.
എം.എല്‍.എ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി മൊഴി നല്‍കിയത്. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും യുവതി മൊഴി നല്‍കി.
കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ അധ്യാപികയും കോവളത്തെത്തിയത്. അവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് എല്‍ദോസ് മര്‍ദിച്ചു. പിന്നീട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്‌റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിനിടെ പരാതി ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും യുവതി പറഞ്ഞു.
കാറിനുള്ളില്‍ വെച്ചാണ് എല്‍ദോസ് തന്നെ കൈയ്യേറ്റം ചെയ്തതെന്നും യുവതി വ്യക്തമാക്കി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് കോവളം പോലീസ് സ്‌റ്റേഷനില്‍ ഹാജരായ യുവതി എംഎല്‍എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്‌റ്റേഷനിലും യുവതി ഹാജരായി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കേസെടുക്കാനാണ് പോലീസിന്റെ നീക്കം. മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 10ന് സ്‌റ്റേഷനിലെത്താന്‍ യുവതിയോട് കോവളം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.