തിരുവനന്തപുരം- വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് യൂണിറ്റുകളില്‍ ക്രമക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹന ഉടമകള്‍ക്കെതിരേ മാത്രമായിരിക്കില്ല നടപടിയെന്നും മാറ്റം വരുത്താന്‍ സഹായം ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ക്കെതിരേയും ഡീലര്‍മാര്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
അപകടസമയത്ത് വാഹനത്തിന്റെ വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്‌ഷോപ്പ് എന്നിവക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പോലീസില്‍ പരാതി നല്‍കാന്‍ പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ കര്‍ശന പരിശോധനകള്‍ സംസ്ഥാന വ്യാപകമായി നടന്നുവരികയാണ്. അത് ഇനിയും തുടരും. നിയമവിരുദ്ധ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ കേരളത്തില്‍ നിരത്തിലിറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. കര്‍ശന നടപടി കൈക്കൊള്ളാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വേഗനിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്‌നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും.